ചെങ്ങന്നൂർ: പ്രളയം ഏറെ ദുരിതം വിതച്ച ചെങ്ങന്നൂരിനെ കൈപിടിച്ച് ഉയർത്താൻ സന്നദ്ധ സംഘടനകളുടെ പങ്ക് ഏറെ വലുതാണന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു.
മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സിന്റെ നേതൃത്വത്തിൽ പ്രളയം ബാധിച്ചവർക്കും അവശതഅനുഭവിക്കുന്നവർക്കുമായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന 'കരുതാം കരുത്തേകാം ' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.
പല കാരണങ്ങളാൽ അകന്നു നിന്നവരും ശത്രുക്കളായി കരുതിയിരുന്നവരും തമ്മിൽ ഒന്നാകാൻ ഈ പ്രളയം വഴിവെച്ചു. ഉളളവനും ഇല്ലാത്തവനും തമ്മിലുളള അന്തരം കുറഞ്ഞ് എല്ലാം നഷ്ട്ടപ്പെട്ട് ഒരു ക്യാമ്പിൽ ഒന്നിച്ച് കഴിയാൻ വഴി ഒരുക്കി.ഇത് പ്രകൃതി നമ്മുക്ക് കാണിച്ച് തന്ന ഒരു പാഠമാണ്. എൻ.എഫ്.പി.ആർ സംസ്ഥാന സെക്രട്ടറി ബി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ പ്രസിഡന്റ് അഡ്വ.പ്രകാശ് പി.തോമസ് മുഖ്യ പ്രഭാഷണം നടത്തി.കേന്ദ്ര ഫിലം സെൻസർ ബോർഡ് അംഗം കൃഷ്ണപ്രസാദ് മുഖ്യാത്ഥിയായി. ചികിത്സാ സഹായ വിതരണം ജില്ലാ പഞ്ചായത്തഗം ജോജി ചെറിയാനും, നിർദ്ധനയവർക്കുള്ള സഹായ വിതരണം സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി കെ.ബാബുവും വാർഡ് മെമ്പർ രാധാമണിയും ചേർന്ന് നിർവഹിച്ചു.
സിനിമാ, സീരിയൽ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാകാരി നിസ്സിറെയിച്ചൽ മാത്യുവിനെ ചടങ്ങിൽ ആദരിച്ചു. പി.കെ.ഗോപി.ശ്യാമളാ കൃഷ്ണ കുമാർ, സജി വർഗീസ്, സിബു ബാലൻ, ഷാഹുൽ ഹമീദ്, റോബിൻ നന്തൻപാറ, ശ്രീകുമാർ, ലതാ അനിൽ, ചിത്ര പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.