തിരുവല്ല: നിർദ്ധനരും സാധാരണക്കാരുമായ നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമേകി തിരുവല്ല താലൂക്ക് ആശുപത്രിയിൽ പുനർജ്ജനി ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം തുടങ്ങി. ഒരേ സമയം ആറുപേർക്ക് ഡയാലിസിസ് പ്രക്രീയ ചെയ്യാനുള്ള സൗകര്യം ഇനി മുതൽ ഇവിടെ ലഭ്യമാണ്. സ്വകാര്യ മേഖലയിൽ 1500 രൂപ വരെ നിരക്ക് ഈടാക്കുന്ന ഈ സേവനം താലൂക്ക് ആശുപത്രിയിൽ ബി.പി.എൽ വിഭാഗങ്ങൾക്ക് 350 രൂപയ്ക്കും എ.പി.എൽ വിഭാഗങ്ങൾക്ക് 700 രൂപയ്ക്കും ലഭ്യമാകും. കാരുണ്യ സഹായ പദ്ധതിയിൽപ്പെട്ട രോഗികൾക്ക് സൗജന്യമായും ഈ സേവനം ലഭിക്കും. കൂടുതൽ രോഗികൾ എത്തിയാൽ ബുക്കിംഗ് സംവിധാനത്തിലാകും സെന്റർ പ്രവർത്തിക്കുക. താലൂക്ക് ആശുപത്രിയിൽ നെഫ്രോളജിസ്റ്റ് ഇല്ലാത്തതിനാൽ നിലവിലുള്ള സർജൻ ഡോ.അരുൺ, ഫിസിഷ്യൻ ഡോ.ലീന എന്നിവർക്ക് പരിശീലനം നൽകിയാണ് ഡയാലിസിസ് വിഭാഗം പ്രവർത്തിക്കുന്നത്. ഇതുകൂടാതെ നാലു ടെക്‌നീഷ്യൻമാരെയും താൽക്കാലികമായി നിയമിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം ഉൾപ്പെടെ പ്രവർത്തിക്കുന്ന ഐ.പി വിഭാഗം കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് കിഫ്ബി ഫണ്ട് ചെലവഴിച്ചു നിർമ്മിച്ച ഡയാലിസിസ് സെന്റർ സജ്ജീകരിച്ചിട്ടുള്ളത്. മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കൗൺസിലർമാരായ എം.പി ഗോപാലകൃഷണൻ, ബിജു ലങ്കാഗിരി, ജേക്കബ് ജോർജ്ജ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം.രാജീവ്, എച്ച്.എം.സി മെമ്പർമാരായ പ്രേംജിത്ത് ശർമ്മ, എബ്രഹാം തലവടി എന്നിവർ പ്രസംഗിച്ചു.