അടൂർ : സുപ്രീംകോടതി വിധി നടപ്പാക്കാൻ എതിരുനിന്നാൽ ശബരിമല തന്ത്രിയേയും ദേവസ്വം ബോർഡ് ഭരണാധികാരികളെയും പുറത്താക്കാൻ, മതസ്ഥാപനങ്ങളുടെ ദുരുപയോഗം തടയൽ നിയമ പ്രകാരം അധികാരം ഉണ്ടെന്ന് അഭിഭാഷകനും സാമൂഹിക നിരീക്ഷകനുമായ ഹരീഷ് വാസുദേവൻ ചൂണ്ടിക്കാട്ടി.

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികാചരണത്തിന്റെ ഭാഗമായി അടൂർ എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടന്ന വനിതാ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മതസ്ഥാപനങ്ങളിൽ മുദ്രാവാക്യം മുഴക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവർക്കെതിരെ പരാതി നൽകി കേസ് എടുപ്പിക്കാൻ മതസ്ഥാപനങ്ങളുടെ അധികാരികൾക്കും പുരോഹിതർക്കും അവകാശമുണ്ട്. അങ്ങനെ ചെയ്യാത്തവർക്കെതിരെ ക്രമിനിൽ കേസ് എടുക്കാനും കൂട്ടു നിന്നതിന് തെളിവുണ്ടെങ്കിൽ മതസ്ഥാപനങ്ങളുടെ അധികാരത്തിൽ നിന്നും ചടങ്ങുകളിൽ നിന്നും നീക്കം ചെയ്യുന്നതിന് അധികാരമുള്ളതാണ് മതസ്ഥാപനങ്ങളുടെ ദുരുപയോഗം തടയൽ നിയമം. ഇത് പ്രയോഗിച്ചാൽ തന്ത്രിയും മേൽശാന്തിയും കീഴ്ശാന്തിമാരും ഉൾപ്പെടെയുള്ളവർ പുറത്താകും. ശബരിമലയുടെ ആചാരത്തെ ലംഘിച്ച് ഭഗവാന് മുന്നിൽ തിരിഞ്ഞുനിന്ന് പ്രതിഷേധിച്ചവർക്കെതിരെ ദേവസ്വംബോർഡോ, തന്ത്രി ഉൾപ്പെടെയുള്ളവരോ പരാതി നൽകാതിരുന്നത് ഗൗരവമായ വിഷയമാണ്. വരും ദിവസങ്ങളിൽ ഇത് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടും. പ്രതിഷേധത്തിനെതിരെ പരാതിപ്പെടാതെ ക്ഷേത്രനട അടച്ചിടും എന്ന് പറയാൻ ആർക്കും അവകാശമോ, അധികാരമോ ഇല്ല. ക്ഷേത്രപ്രവേശന വിളംബരം നടന്ന് ഒരു നൂറ്റാണ്ടിലേക്ക് അടുക്കുമ്പോഴും ഇന്നും ആ പഴയ ഇരുണ്ട യുഗത്തിലേക്ക് നയിക്കുന്ന ശക്തികളാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.