പ്രളയം വരുത്തിയ നാശത്തെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതിയുടെയും യുവതീപ്രവേശന വിധിയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളുടെയും നടുവിലാണ് ശബരിമലയിൽ മണ്ഡലകാല ആഘോഷങ്ങൾക്ക് നാളെ നട തുറക്കുന്നത്. മുൻ തീർത്ഥാടനകാലങ്ങളെപ്പോലെ ഇത്തവണ കാര്യങ്ങൾ സുഗമമല്ല. പ്രധാന ബേസ് ക്യാമ്പ് പ്രളയത്തിൽ തകർന്ന പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് മാറ്റിയിട്ടുണ്ട്. യുവതീപ്രവേശന വിധി നിലനിൽക്കുന്നതിനാൽ പ്രതിഷേധം കണക്കിലെടുത്ത് ഭക്തർ കർശന പരിശോധനയ്ക്ക് വിധേയരാകും.
വാഹനങ്ങൾക്ക് പാസ്
ശബരിമലയിലേക്ക് പോകുന്ന എല്ലാ സ്വകാര്യവാഹനങ്ങൾക്കും പാസ് വേണം. ഡ്രൈവർമാർ അവരവരുടെ പരിധിയിലെ പൊലീസ് സ്റ്റേഷനിൽ വാഹനങ്ങളുമായി ചെന്ന് പാസ് എടുക്കുക. വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഡ്രൈവറുടെ ലൈസൻസും ഹാജരാക്കണം. ശബരിമലയ്ക്ക് പോകുന്നവരുടെ എണ്ണം അറിയിക്കണം. നിർദേശങ്ങൾ പാലിച്ചാൽ ലഭിക്കുന്ന പാസുകൾ വാഹനത്തിനു മുന്നിലെ ഗ്ളാസിൽ പതിക്കണം. കടുത്ത നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. യുവതിപ്രവേശനത്തിനെതിരെയുള്ള പ്രതിഷേധം സംഘർഷത്തിലെത്തിയ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങൾ.
വാഹന പരിശോധന
വടശേരിക്കര, ഇലവുങ്കൽ, എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ വാഹന പരിശോധനയുണ്ടാകും. ഇരുമുടിക്കെട്ടില്ലാത്തവർ തിരിച്ചറിയൽ കാർഡ് കരുതണം. തൊഴിലാളികൾ പാസ് കാണിക്കണം.
സ്വകാര്യ വാഹനങ്ങൾ നിലയ്ക്കൽ വരെ
പ്രളയത്തിൽ തകർന്ന പമ്പയിൽ പാർക്കിംഗ് സൗകര്യം കുറവായതിനാൽ സ്വകാര്യ വാഹനങ്ങളെ നിലയ്ക്കലിൽ നിയന്ത്രിക്കും. ഇവിടെ ഒരേസമയം ഇരുപതിനായിരം വാഹനങ്ങൾക്കാണ് പാർക്കിംഗ് സൗകര്യമുള്ളത്. കൂടുതലായി എത്തുന്നവയ്ക്ക് റബർ തോട്ടങ്ങൾക്കിടയിലും പാർക്കിംഗ് അനുവദിക്കും. നിലയ്ക്കലിൽ നിന്ന് ഓരോ മിനിട്ട് ഇടവിട്ട് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി ബസുണ്ട്. സാധാരണ ബസുകൾക്ക് 40രൂപയും എ. സി. ബസുകൾക്ക് 75രൂപയുമാണ് ടിക്കറ്റ് ചാർജ്. www.sabarimalaq.com എന്ന വെബ്സൈറ്റിൽ ടിക്കറ്റും ദർശന സമയവും ബുക്ക് ചെയ്യാം. ഒാൺലൈൻ ബുക്ക് ചെയ്യാതെ എത്തുന്നവർക്ക് നിലയ്ക്കലിലെ കൗണ്ടറിൽ നിന്ന് ടിക്കറ്റെടുക്കാം. കണ്ടക്ടർ ഇല്ലാതെ ക്യു ആർ കോഡ് ഉപയോഗിച്ചുളള ടിക്കറ്റ് സംവിധാനം ഇത്തവണ പരീക്ഷിക്കും. പമ്പയിലേക്കും തിരിച്ച് നിലയ്ക്കലിലേക്കും ഇൗ ടിക്കറ്റിൽ യാത്ര ചെയ്യാം.
ഭക്ഷണം, കുടിവെളളം
നിലയ്ക്കലിൽ എട്ട് ഹോട്ടലുകൾ പ്രവർത്തിക്കും. ദേവസ്വം ബോർഡിന്റെ സ്ഥിരം അന്നദാനമണ്ഡപത്തിൽ ഒരേസമയം 200പേർക്ക് ഭക്ഷണം കഴിക്കാം. 17 ന് രാവിലെ മുതൽ പ്രവർത്തിക്കും. വാട്ടർ അതോറിട്ടി 300 കുടിവെളള കിയോസ്കുകൾ സ്ഥാപിച്ചു. ഒാരോന്നിലും നാല് മുതൽ ആറ് ടാപ്പുകൾ വരെയുണ്ടാകും. ദേവസ്വം ബോർഡ് 10 കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ചുക്കുവെള്ളത്തിന് പ്രത്യേക കൗണ്ടറുകളുമുണ്ടാകും. പമ്പയിൽ മൂന്ന് സ്ഥിരം ഹോട്ടലുകൾ കൂടാതെ മൂന്ന് താത്കാലിക ഹോട്ടലുകളും പ്രവർത്തിക്കും. കുടിവെളളത്തിന് 15 വാട്ടർ കിയോസ്കുകളും ദേവസ്വം ബോർഡിന്റെ അന്നദാനവും ഉണ്ടായിരിക്കും.
വിരിപ്പന്തൽ
നിലയ്ക്കൽ പളളിയറക്കാവ് ദേവീക്ഷേത്രത്തിനു സമീപം മൂന്ന് വിരിപ്പന്തലുകൾ നിർമിച്ചിട്ടുണ്ട്. ഒരേസമയം ആറായിരം പേർക്ക് ഇവിടെ തങ്ങാം. മഹാദേവക്ഷേത്രത്തിലെ സ്ഥിരം നടപ്പന്തലിൽ ഒരേസമയം ആയിരം പേർക്ക് കഴിയാം. പമ്പയിൽ പഴയ രാമമൂർത്തി മണ്ഡപത്തിനു സമീപം താത്ക്കാലിക നടപ്പന്തൽ ഒരുക്കിയിട്ടുണ്ട്.
ശുചിമുറികൾ
നിലയ്ക്കലിൽ 970 ശൗചാലയങ്ങളാണുള്ളത്. പമ്പയിൽ 270 എണ്ണവും. കെ.എസ്.ആർ.ടി.സി മുതൽ പമ്പ വരെ 60 ബയോ ടോയ്ലറ്റുകളും ഒരുക്കിയിട്ടുണ്ട്. പമ്പയിൽ പ്രളയത്തിൽ തകർന്ന ഞുണുങ്ങാർ പാലം വീണ്ടെടുത്തു. മാലിന്യ സംസ്കരണപ്ളാന്റിലേക്കുളള കുഴലുകളുടെ അറ്റകുറ്റപ്പണിയും പൂർത്തിയായി.
പമ്പയുടെ ആഴം കൂട്ടി
പ്രളയത്തിൽ കല്ലുംമണ്ണും നിറഞ്ഞ് അടിത്തട്ടുയർന്ന പമ്പയിൽ അഞ്ചടി വരെ ആഴം കൂട്ടി. തീരമിടിഞ്ഞ ഇരു കരകളിലും മണൽചാക്കുകൾ അടുക്കി. പമ്പയിൽ മുങ്ങിനിവരാനുളള വെള്ളമില്ല. പ്രളയത്തിൽ തകർന്നു പോയ തടയണകൾക്ക് പകരം സംവിധാനമായില്ല.
ആശുപത്രി
പ്രളയത്തെ തുടർന്ന് പമ്പയിലെ ആശുപത്രിയിൽ അടിഞ്ഞ മണ്ണ് നീക്കി. ആശുപത്രിയിൽ രണ്ട് ഹൃദ്രോഗ വിദഗ്ദ്ധർ ഉൾപ്പെടെ ഒൻപത് ഡോക്ടർമാരുടെ സേവനം ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലെ ആശുപത്രിയിൽ ഏഴ് ഡോക്ടർമാരുണ്ട്. രണ്ടിടത്തും പത്ത് കിടക്കകൾ വീതം സജ്ജീകരിച്ചിട്ടുണ്ട്.
പൊലീസ് ബാരക്ക്
നിലയ്ക്കലിൽ പൊലീസുകാർക്ക് താമസിക്കാൻ ഹെലിപ്പാഡിനു സമീപം ടാറ്റാ പ്രോജക്ട്സ് ലിമിറ്റഡ് 25 ബാരക്കുകൾ നിർമിച്ചു. ഒന്നിൽ 18 - 20 പേർക്ക് താമസിക്കാം. ഡക്കുകളായാണ് കട്ടിൽ ഘടിപ്പിച്ചിരിക്കുന്നത്. ചൂട് സമയത്ത് ബാരക്കിനുളളിൽ ഉറങ്ങാനും വിശ്രമിക്കാനും കഴിയില്ലെന്ന് പൊലീസുകാർക്ക് പരാതിയുണ്ട്. ഫാൻ മാത്രമാണുളളത്. കറന്റ് ചാർജ് ഭീമമായി വർദ്ധിക്കുമെന്നതിനാൽ എ. സി സ്ഥാപിക്കാൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
സന്നിധാനത്ത് പഴയപടി
സന്നിധാനത്ത് അടിസ്ഥാന സൗകര്യങ്ങളിൽ പുതിയതായി ഒന്നുമില്ല. പ്രവർത്തന യോഗ്യമായി 994 ശൗചാലയങ്ങളും 100കുളിമുറികളുമുണ്ട്. മാളികപ്പുറത്തിന് സമീപത്തെ 120 ശൗചാലയങ്ങൾ പണം കൊടുത്ത് ഉപയോഗിക്കുന്നവയാണ്. ഇവിടെ നിന്ന് മാലിന്യ സംസ്കരണ പ്ളാന്റിലേക്കുള്ള പൈപ്പ് കണക്ഷനിൽ പൊട്ടലുണ്ടായതും മാലിന്യം പുറത്തേക്കൊഴുകിയതും കഴിഞ്ഞ തവണ ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു. നിർമാണ കരാറുകാരുടെ വീഴ്ചയാണിതെന്ന് കണ്ടെത്തിയിരുന്നു. ഇത്തവണ കരാറുകാരെ ഒഴിവാക്കി ദേവസ്വം ബോർഡ് നേരിട്ട് അറ്റകുറ്റപ്പണി നടത്തി.
അന്നദാന മണ്ഡപം പൂർണതോതിൽ ഉപയോഗപ്പെടുത്താൻ ഇത്തവണയും കഴിയില്ല. ഒരേസമയം 5000പേർക്ക് ഭക്ഷണം കഴിക്കാനുളള സംവിധാനമാണുളളത്. നിർമാണം പൂർത്തിയായാൽ പതിനായിരം പേർക്ക് ഭക്ഷണം കഴിക്കാം. അയ്യപ്പസേവാ സംഘവും സമാജവും അന്നദാനത്തിനുണ്ട്. കുടിവെളള വിതരണത്തിന് 1000 ലിറ്ററിന്റെ അഞ്ച് ആർ.ഒ പ്ളാന്റുകൾ. ഒൻപത് ടാപ്പുകൾ വീതമുള്ള 12 ജലവിതരണ യൂണിറ്റുകൾ. ഭക്തർക്ക് വിശ്രമിക്കാൻ ദർശനം കോംപ്ളക്സിന്റെ പണി പൂർത്തിയായി. കഴിഞ്ഞ വർഷം മുഖ്യമന്ത്രി തറക്കല്ലിട്ട പുണ്യദർശനം കോംപ്ളക്സിന്റെ പണി തുടങ്ങാൻ കഴിഞ്ഞില്ല. ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കേണ്ടത്.