തിരുവല്ല: മാലിന്യങ്ങളും മണ്ണും അടിഞ്ഞുകൂടി പഴയ ചന്തത്തോട്ടിലെ നീരൊഴുക്ക് നിലച്ചതുമൂലം 60 ഹെക്ടറോളം വരുന്ന രണ്ട് പാടശേഖരങ്ങളിലെ നെൽകൃഷി അനിശ്ചിതത്വത്തിൽ. പെരിങ്ങര പഞ്ചായത്തിലെ ആറാം വാർഡിൽ തോടിന്റെ ഇരുകരകളിലുമായി പെരുന്തുരുത്തി, വേങ്ങൽ ഭാഗങ്ങളിൽ 1500 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പെരുന്തുരുത്തി തെക്ക്, കൈപ്പാല കിഴക്ക് എന്നീ പാടശേഖരങ്ങളിലെ കൃഷിയാണ് അനിശ്ചിതത്വത്തിലായത്. നവംബർ ആദ്യവാരത്തോടെ വിതയിറക്കേണ്ടിയിരുന്ന പാടങ്ങളാണിത്. പ്രളയത്തിൽ ഒഴുകിയെത്തിയ മണ്ണ് അടിഞ്ഞുകൂടി പോളയും പായലും കെട്ടി നിന്ന് നീരൊഴുക്ക് നിലച്ചതോടെ പാടങ്ങളിൽ നിന്നുള്ള വെള്ളം തോട്ടിലേക്ക് പമ്പ് ചെയ്യാൻ പറ്റാത്തതാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. ഉറവാരത്തിൽ പടി പാലം മുതൽ ഇടിഞ്ഞില്ലീ വരെ മൂന്ന് കിലോമീറ്ററോളം നീളമുള്ള തോടിന്റെ ഭൂരിഭാഗവും നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. പാടങ്ങളിൽ കെട്ടി നിൽക്കുന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് തോട്ടിലേക്ക് പമ്പ് ചെയ്യുമ്പോൾ ബണ്ട് കവിഞ്ഞ് വെള്ളം പാടത്തേക്ക് തിരികെ ഒഴുകുന്നതാണ് കർഷകരെ വലയ്ക്കുന്നത്. പാടങ്ങളിലെ വെള്ളം വറ്റിച്ച് നിലമൊരുക്കേണ്ട പണികൾ പോലും ഇതുവരെ തുടങ്ങിയിട്ടില്ല.
പരാതി നൽകി
നീരൊഴുക്ക് പുന:സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിരവധി പരാതികൾ നൽകിയതായി പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. ഒക്ടോബർ ആദ്യവാരത്തിൽ കൃഷി ഓഫീസർ അടക്കമുള്ളവർ നേരിട്ടെത്തി സ്ഥിതിഗതികൾ മനസിലാക്കി തോട് തെളിക്കുന്നതിന്റെ എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും നടപടി ഉണ്ടായിട്ടില്ല.
തോട്ടിലെ നീരൊഴുക്ക് പുന:സ്ഥാപിക്കാനായില്ലെങ്കിൽ ഇത്തവണ കൃഷി മുടങ്ങുന്ന അവസ്ഥയാണുള്ളത്
കെ.കെ പുരുഷോത്തമൻ , കെ.സി തോമസ് , അലക്‌സ് മന്നത്ത്
(പാടശേഖര സമിതി ഭാരവാഹികൾ)
1500 ഏക്കറിലെ കൃഷി