ഇളമണ്ണൂർ : പ്രളയത്തിൽ പൂർണമായും തകർന്ന പൂതങ്കര-തേപ്പുപാറ പാത സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യം ഉയരുന്നു. ഏനാദിമംഗലം, ഏഴംകുളം, കൊടുമൺ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാത നിറയെ കുണ്ടും കുഴിയുമാണ്. പൂതങ്കര, വഞ്ചേരിവിള സ്‌കൂൾ കവല, ചാപ്പാലിൽ, കടമാൻകുഴി, തേപ്പുപാറ എന്നിവിടങ്ങളിലെല്ലാം വൻ കുഴികളാണ്. വശങ്ങളിൽ ഓടയില്ലാത്തതും അശാസ്ത്രീയ ടാറിംഗുമാണ് പാത തകരാൻ കാരണം. 2011ൽ ടാറിംഗ് ജോലികൾ പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പാതയിൽ കനാലിനു കുറുകെയുള്ള വഞ്ചേരിവിള പാലം തകർന്നുവീണത്. പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരമാണ് ഈ പാതയുടെ പണി നടത്തിയത്. മൂന്നേകാൽ കി.മീ. ദൈർഘ്യമുള്ള പാത എട്ടു മീറ്ററാക്കി വീതികൂട്ടി മൂന്നേമുക്കാൽ മീറ്റർ വീതിയിൽ ടാർ ചെയ്യുന്ന ജോലികൾക്ക് 138.71 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. പാതയിലെ ചെറുതും വലുതുമായ ആറ് പാലങ്ങൾ പുതുക്കി പണിതു. വർഷങ്ങളായി അധികൃതരുടെ അവഗണനയിൽ തകർന്നുകിടന്ന ഈപാതയിലൂടെ ടിപ്പർ ലോറികളുടെ സഞ്ചാരവും പാതയുടെ തകർച്ചയെ കൂടുതൽ സങ്കീർണമാക്കി.തകർന്ന് തരിപ്പണമായി കിടക്കുന്ന പാത നവീകരിക്കണമെന്നാവശ്യപെട്ട് നിരവധി തവണ പ്രക്ഷോഭങ്ങളും നിവേദനങ്ങളും നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.
ബസ് സർവീസ് നിലച്ചു യാത്രക്ലേശം രൂക്ഷം
ഈ പ്രദേശത്തുകാർക്ക് തേപ്പുപാറ, ഏഴംകുളം, പറക്കോട്, അടൂർ, ഇളമണ്ണൂർ, കലഞ്ഞൂർ, പത്തനാപുരം, പത്തനംതിട്ട എന്നിവിടങ്ങളിലേക്കു പോകേണ്ട മാർഗമാണ് ഇത്. പ്ലാന്റേഷൻ കോർപറേഷൻ കൊടുമൺ, ചന്ദനപ്പള്ളി എസ്റ്റേറ്റിലേക്കും ഇതുവഴിയാണ് പോകേണ്ടത്. റോഡിന്റെ ശോചനീയാവസ്ഥ ഓട്ടോറിക്ഷകൾ വരാറില്ലന്ന് നാട്ടുകാർ പരാതി പറയുന്നു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസ് സർവീസ് നിലച്ചതോടെ നൂറ് കണക്കിന് പൊതുജനങ്ങളാണ് ബുദ്ധിമുട്ടുന്നത്.