bhavani
ആശുപത്രിയിൽ കഴിയുന്ന ഭവാനി

പത്തനംതിട്ട : തെങ്ങുംകാവ് എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിലെ കഴകം ജോലിക്കാരിയെ യുവാവ് മർദ്ദിച്ചു. എസ്.എൻ.ഡി.പി ഗുരുമന്ദിരത്തിൽ വിളക്ക് തെളിച്ച ശേഷം വീട്ടിലേക്ക് പോയ തെങ്ങുംകാവ് കാഞ്ഞിരവിളയിൽ ഭവാനി (60)യ്ക്കാണ് മർദ്ദനമേറ്റത്. ഞാറാഴ്ച രാത്രി 7.30ന് ഞാക്കുകാവ് -തെങ്ങുംകാവ് റോഡിലായിരുന്നു സംഭവം. തെങ്ങുംകാവ് സ്വദേശി അനീഷിനെതിരെ ഭവാനിയും എസ്.എൻ.ഡി.പി യോഗം തെങ്ങുംകാവ് ശാഖയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. അനീഷ് എത്തിയ ഓട്ടോറിക്ഷയിൽ കയറാൻ ഭവാനിയെ നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട് ഓട്ടോറിക്ഷ പറഞ്ഞു വിട്ട ശേഷം ഭവാനിയെ നിലത്തു തള്ളിയിട്ടു മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു. നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ അക്രമി രക്ഷപെടുകയായിരുന്നു. തുടർന്ന് ഭവാനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹമാസകലം ചതവും, മുറിവുകളും ഏറ്റിട്ടുണ്ട്. കൈയ്ക്കും തലയ്ക്കും ചെവിക്കും പരിക്കുണ്ട്. മർദ്ദനത്തിൽ രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും നടുവിന് ക്ഷതമേൽക്കുകയും ചെയ്തു. പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. അനീഷ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.ഭവാനിയെ മർദ്ദിച്ചതിൽ തെങ്ങുംകാവ് ശാഖായോഗം പ്രതിഷേധിച്ചു.