പത്തനംതിട്ട: മണ്ഡലകാലം മുമ്പെങ്ങുമില്ലാത്തവിധത്തിൽ സംഘർഷഭരിതമാകാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ടാകുമെന്ന ആശങ്ക ഏറുന്നു. യുവതീപ്രവേശന വിധി താത്കാലികമായെങ്കിലും സ്റ്റേ ചെയ്തേക്കാം, വിധി നടപ്പാക്കാൻ സാവകാശം ലഭിച്ചേക്കാം എന്നൊക്കെയുള്ള ചില കേന്ദ്രങ്ങളുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായത് ശബരിമലയെ വീണ്ടും കലുഷിതമാക്കും. 16നാണ് മണ്ഡലകാല ആഘോഷങ്ങൾക്ക് നട തുറക്കുന്നത്
വിധിക്കു ശേഷം തുലാമാസ പൂജാ നാളുകളിലും ചിത്തിര ആട്ടവിശേഷ സമയത്തും ശബരിമല ദർശനത്തിന് പമ്പയിലെത്തിയത് പതിനഞ്ചോളം യുവതികളാണ്. തീർത്ഥാടന കാലത്ത് ദർശനത്തിനായി അഞ്ഞൂറിലേറെ യുവതികൾ ദേവസ്വം ബോർഡിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിധി നടപ്പാക്കുമെന്ന സർക്കാർ നിലപാടിനെ തുടർന്ന് യുവതികളെത്തിയാൽ സന്നിധാനത്ത് എത്തിക്കാൻ പൊലീസ് പുതിയ സുരക്ഷാ മാർഗങ്ങൾ തേടുന്നുണ്ട്. അതേസമയം, യുവതികളെ തടയാൻ ചിത്തിര ആട്ടവിശേഷ നാളിലേതു പോലെ സംഘപരിവാർ സമര രംഗത്ത് ശക്തമായി നിലകൊള്ളും.
സ്ത്രീ പ്രവേശന വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ തീർത്ഥാടന കാലത്തും സന്നിധാനത്ത് പ്രതിഷേധക്കാർ തമ്പടിക്കാൻ സാദ്ധ്യതയുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിൽ തീർത്ഥാടകരെത്തുന്ന മണ്ഡല, മകരവിളക്ക് കാലത്ത് പ്രതിഷേധക്കാരെ സന്നിധാനത്ത് നിന്ന് ഒഴിപ്പിക്കുന്നത് പൊലീസിന് തലവേദനയാകും.
ശബരിമലയിലേക്ക് വരുന്ന തീർത്ഥാടക വാഹനങ്ങൾ പാെലീസ് സ്റ്റേഷനുകളിൽ നിന്ന് പാസ് എടുക്കുന്നതടക്കം കർശന നടപടികൾ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകും. അയൽ സംസ്ഥാന തീർത്ഥാടകർ നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് വാഹന പാസ് എടുക്കണമെന്നും നിർദ്ദേശമുണ്ട്.