പത്തനംതിട്ട: പ്രളയക്കെടുതിയ്ക്ക് ശേഷം മൂന്ന് മാസം പിന്നിടുന്ന സാഹചര്യത്തിൽ തകർന്ന 250 വീടുകൾ പുനർനിർമിക്കുന്നതിന് ഈ മാസം തറക്കല്ലിടുമെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് പറഞ്ഞു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന് റീബിൽഡ് കേരള യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. പ്രളയത്തിൽ പൂർണമായും തകർന്നതോ 75 ശതമാനത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചതോ ആയ വീടുകൾ അടുത്ത കാലവർഷത്തിനു മുമ്പായി നിർമിച്ച് നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിൽ 30 ശതമാനം മാർച്ച് ആദ്യവാരത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ കളക്ടർ പറഞ്ഞു. വീടും ഭൂമിയും പൂർണമായും നഷ്ടപ്പെട്ട 16 കേസുകളും പൂർണമായും വീട് നഷ്ടപ്പെട്ട 910 കേസുകളുമാണ് ജില്ലയിൽ ഉള്ളത്. വീടുകൾ സ്‌പോൺസർമാർ മുഖേനയും സർക്കാർ നേരിട്ടുമാണ് നിർമിക്കുന്നത്. പ്രളയകാലത്ത് വെള്ളം കയറാനുള്ള സാദ്ധ്യത ഒഴിവാക്കിയും നിശ്ചിത മാതൃകയിലും അളിവിലുമാണ് നിർമാണമെന്നും ഉറപ്പുവരുത്തും.വീടുകളുടെ നിർമാണം ആരംഭിക്കുന്നതിന് വീട് നഷ്ടപ്പെട്ടവരുടെ യോഗങ്ങൾ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർമാരുടെ നേതൃത്വത്തിൽ സർക്കാർ നിർദ്ദേശപ്രകാരം നടത്തും.ഇന്ന് രാവിലെ 11 ന് പുളിക്കീഴ് ബ്ലോക്കിലും കോയിപ്രം ബ്ലോക്കിൽ ഉച്ചയ്ക്ക് 2 നും, നാളെ രാവിലെ 11ന് പന്തളം ബ്ലോക്കിലും ഉച്ചയ്ക്ക് 2ന് പറക്കോട് ബ്ലോക്കിലും, 16ന് രാവിലെ 11ന് ഇലന്തൂരിലും 2 മണിയ്ക്ക് മല്ലപ്പള്ളിയിലും, 17ന് രാവിലെ 11ന് കോന്നി ബ്ലോക്കിലും ഉച്ചയ്ക്ക് 2ന് റാന്നി ബ്ലോക്കിലും ബ്ലോക്ക്തല യോഗങ്ങൾ നടക്കും.
വീട് ഒരുക്കുന്നവരും വീടിന്റെ എണ്ണവും
സഹകരണവകുപ്പ്: 114
ഫ്രീ മാൻസക് : 11 (എഴിക്കാട് കോളനിയിൽ)
ലയൺസ് ക്ലബ് : 54
വി.കെ.എൽ ഗ്രൂപ്പ് : 50 വീടുകൾ (സീതത്തോട്, ചിറ്റാർ, വടശ്ശേരിക്കര പഞ്ചായത്തുകളിൽ, 3 ലക്ഷം രൂപ വീതം ചെലിവിൽ) നിർമിക്കും. മുത്തൂറ്റ് ഫിനാൻസ് : 50
ചെങ്ങളത്ത് ക്വാറി : 6
റെഡ് ക്രോസ് : 50
ഗോൾഡൻ പ്രസ് : 2 (കിടങ്ങന്നൂർ വില്ലേജിൽ)
മലബാർ ഗോൾഡ്:
അഞ്ച് സെന്റ് ഭൂമിയിൽ കൂടുതൽ ഇല്ലാത്ത 50 ഗുണഭോക്താക്കൾക്ക് വീട് വയ്ക്കുന്നതിന് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകും.
ജില്ലാ കാൻസർ സൊസൈറ്റി: 6 (കാൻസർ രോഗികൾക്കായി)
ഭൂമിയും വീടും നഷ്ടമായവർ: 16
പൂർണമായും വീട് നഷ്ടപ്പെട്ടർ: 910