പത്തനംതിട്ട: എൻ.ഡി.എ സംസ്ഥാന ചെയർമാൻ പി.എസ് ശ്രീധരൻ പിള്ളയും കൺവീനർ തുഷാർ വെള്ളാപ്പള്ളിയും നയിച്ച ശബരിമല സംരക്ഷണ രഥയാത്ര പത്തനംതിട്ടയിൽ ആവേശകരമായി സമാപിച്ചു.
ജില്ലാ സ്റ്റേഡിയത്തിൽ രഥയാത്രയെ സ്വീകരിക്കാൻ പതിനായിരങ്ങളെത്തി. ശരണഘോഷത്തിനിടെ നഗര ഹൃദയത്തിലെത്തിയ അലങ്കരിച്ച രഥം തിങ്ങിനിറഞ്ഞ പ്രവർത്തകർക്കിടയിലൂടെ ഒരു മണിക്കൂറിലേറെ എടുത്താണ് സമാപന വേദിയിലെത്തിയത്.
പുനഃപരിശോധനാ ഹർജി സുപ്രീംകോടതി പരിഗണിക്കുന്ന ജനുവരി 22വരെ സ്ത്രീപ്രവേശന വിധി സർക്കാർ നടപ്പാക്കരുതെന്ന് പി. എസ്. ശ്രീധരൻപിളള ആവശ്യപ്പെട്ടു. ശബരിമലയിൽ സംഘർഷം ഒഴിവാക്കാൻ അതല്ലാതെ മാർഗമില്ല. ഭരണഘടനാ ബഞ്ചിന്റെ വിധിയിൽ പുന:പരിശോധന അപൂർവമാണ്. എല്ലാ സ്ത്രീകൾക്കും പ്രവേശനമാകാമെന്ന വിധി സ്റ്റേ ചെയ്യാൻ പരിമിതിയുണ്ട്. പുനഃപരിശോധനയിൽ വിശ്വാസികൾക്ക് പ്രതീക്ഷയുണ്ട്. അതിനിടെ യുവതികളെ പ്രവേശിപ്പിക്കാനുളള നടപടി ഉണ്ടാകരുത്. സ്റ്റാലിനിസ്റ്റായ പിണറായി വിവേകം കാട്ടണമെന്ന് ശ്രീധരൻപിളള പറഞ്ഞു.
രഥയാത്രയെ സ്വീകരിക്കാൻ എൻ.ഡി. എ ഘടക കക്ഷികളിൽ ബി. ഡി. ജെ.എസിന്റെ വർദ്ധിച്ച പങ്കാളിത്തം ശ്രദ്ധേയമായി. സമാപന സമ്മേളനം ആന്ധ്രയിൽ നിന്നുളള സ്വാമി പരിപൂർണാനന്ദ ഉദ്ഘാടനം ചെയ്തു. പി. കെ. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ, നളിൻകുമാർ കാട്ടീൽ എം. പി, തുഷാർ വെളളാപ്പളളി, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു, ബി.ജെ.പി നേതാക്കളായ എ. എൻ. രാധാകൃഷ്ണൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, ബി.ഡി. ജെ.എസ് ജില്ലാ പ്രസിഡന്റ് ഡോ. എ. വി. ആനന്ദരാജ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ അതിർത്തിയായ റാന്നിയിൽ രഥയാത്രയെ ബി. ഡി. ജെ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പത്മകുമാർ , ബി. ജെ. പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
സർക്കാർ പ്രശ്നങ്ങളുണ്ടാക്കരുത്: തുഷാർ
പത്തനംതിട്ട: ശബരിമലയിൽ പ്രശ്നങ്ങളുണ്ടാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് തുഷാർ വെളളാപ്പളളി പറഞ്ഞു. നിരവധി കോടതി വിധികളെ സർക്കാർ നിയമം കൊണ്ട് മറികടന്നിട്ടുണ്ട്. പല വിധികളും നടപ്പാക്കാതെ കിടക്കുന്നു. നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച വിധി നടപ്പായില്ല. അതേസമയം, ഗോവധം നിരോധിച്ച വിധിക്കെതിരെ മിണ്ടാപ്രാണികളെ വെട്ടിക്കൊന്ന് വേവിച്ചു കഴിക്കാൻ മുന്നിട്ടിറങ്ങിയത് മന്ത്രിമാരാണ്.ശബരിമല വിധി മനസിലാക്കാതെ സർക്കാർ എടുത്തുചാടി നടപ്പാക്കാൻ ശ്രമിച്ചതാണ് സംഘർഷങ്ങൾക്കു കാരണം. നിരീശ്വര വാദികൾക്കു വേണ്ടിയാണ് സർക്കാർ വിധി നടപ്പാക്കാൻ ശ്രമിക്കുന്നത്. വിശ്വാസികളായ ഒരു യുവതിയും ശബരിമലയ്ക്ക് പോകില്ല. കോടിക്കണക്കിനു വിശ്വാസികളുടെ വികാരം സർക്കാർ മാനിച്ചില്ലെന്നും തുഷാർ പറഞ്ഞു.