തിരുവല്ല: എം സി റോഡിൽ കുറ്റൂരിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഇടിച്ചു തകർത്തു. ബുധനാഴ്ച പുലർച്ചെ അഞ്ചു മണിയോടെ സർവീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം. കോൺക്രീറ്റ് നിർമിത പോസ്റ്റ് തകർത്ത് മുന്നോട്ട് പാഞ്ഞ ലോറി രണ്ട് സോളാർ പോസ്റ്റുകളും ഇടിച്ചു വീഴ്ത്തി. ലോറിയുടെ വരവ് കണ്ട് അപകടം തിരിച്ചറിഞ്ഞ പ്രഭാത സവാരിക്കാരായ മൂന്നു പേർ ഓടി രക്ഷപെടുകയായിരുന്നു. കടച്ചയ്ക്ക കയറ്റാനായി കൊല്ലം കടയ്ക്കലിൽ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു ലോറി. അപകടത്തിൽ ലോറിയുടെ മുൻവശം പൂർണമായും തകർന്നു. ഡ്രൈവറും ക്ലീനറും പരുക്കേൽക്കാതെ രക്ഷപെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.