പത്തനംതിട്ട : കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട - പമ്പ സർവീസിന്റെ ടിക്കറ്റ് നിരക്ക് മുന്നറിയിപ്പില്ലാതെ മുപ്പത് ശതമാനം വർദ്ധിപ്പിച്ച പത്തനംതിട്ട ഡി.ടി.ഒയെ സ്ഥലം മാറ്റി. ഡി.ടി.ഒ മനേഷിനെ തൊടുപുഴയിലേക്കാണ് മാറ്റിയത്. പകരം തൊടുപുഴ ഡി.ടി.ഒയ്‌ക്ക് പത്തനംതിട്ടയുടെ ചുമതല നൽകി. 77 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 100 ആയാണ് വർദ്ധിപ്പിച്ചത്. ഇതേത്തുടർന്ന് പ്രതിഷേധം കനത്തപ്പോഴാണ് ഡി.ടി.ഒയെ മാറ്റിയത്. കൂടാതെ പഴയ നിരക്കായ 77 രൂപ പുനഃസ്ഥാപിക്കുകയും ചെയ്തു. നിരക്കു വർദ്ധനയ്ക്കെതിരെ ഡി.ടി.ഒ ഒാഫീസിൽ ഇരച്ചു കയറിയ യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് പോയ സ്‌പെഷ്യൽ ബസിലാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. കെ.എസ്.ആർ ടി.സിയുടെ ശബരിമല സ്‌പെഷ്യൽ സർവീസുകളുടെ നിരക്ക് മുപ്പത് ശതമാനം വർദ്ധിപ്പിച്ചിരുന്നു. പക്ഷേ മറ്റു ഡിപ്പോകളിൽ നിന്നുള്ള സ്‌പെഷ്യൽ സർവീസുകളിൽ ഇത് നടപ്പിലാക്കിയിരുന്നില്ല.
എന്നാൽ രണ്ടു ദിവസം മുമ്പ് വർദ്ധിപ്പിച്ച നിരക്ക് ടിക്കറ്റ് മെഷീനിൽ ഫീഡ് ചെയ്യാൻ തിരുവനന്തപുരത്തെ ചീഫ് ട്രാൻസ്‌പോർട്ട് ഒാഫീസർ ഉത്തരവിട്ടതായി ജീവനക്കാർ പറഞ്ഞു. ഇതുപ്രകാരം പുതിയ നിരക്കിലുള്ള മെഷീനുമായാണ് കണ്ടക്ടർ ബസിൽ കയറിയത്. പുതിയ നിരക്കിലെ ടിക്കറ്റ് നൽകിയപ്പോൾ യാത്രക്കാർ പ്രതിഷേധിച്ചു. ഇതോടെ പഴയ നിരക്കിൽ ടിക്കറ്റ് കൊടുക്കാൻ ചീഫ് ഒാഫീസിൽ നിന്ന് നിർദ്ദേശിച്ചു.
പുതിയ നിരക്ക് എന്നു മുതൽ നടപ്പാക്കണമെന്ന് ഡിപ്പോകൾക്ക് നിർദ്ദേശം നൽകിയിരുന്നില്ല. പുതിയ നിരക്ക് ഇൗടാക്കാൻ കാരണം കണ്ടക്‌ടർക്കു പറ്റിയ അബദ്ധമാണെന്നാണ് ജീവനക്കാർ പറയുന്നത്.