sabarimala

എരുമേലിയിലും അഴുതയിലും അയ്യപ്പൻമാരെ തടഞ്ഞതിൽ പ്രതിഷേധം

പമ്പ: അയ്യപ്പൻമാരെ കാത്തിരിക്കുന്നത് കനത്ത സുരക്ഷാപരിശാേധനയാണ്. യുവതീപ്രവേശനത്തെ പ്രതിരോധിക്കുന്നവരെ കുരുക്കാനുള്ള പൊലീസ് സന്നാഹം യഥാർത്ഥ തീർത്ഥാടകരെയാണ് വലയ്ക്കുന്നത്.

സ്വകാര്യ വാഹനങ്ങൾ ഇന്നലെ എരുമേലിയിലും ഇലവുങ്കലും തടഞ്ഞു. എരുമേലിയിൽ അയൽ സംസ്ഥാന ഭക്തർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്തുണയുമായി ബി.ജെ.പി പ്രവർത്തകർ എത്തിയത് സംഘർഷാവസ്ഥയുണ്ടാക്കി. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെത്തി സ്വാമിമാരെ രാത്രിയിൽ എരുമേലിയിൽ തങ്ങാൻ അനുവദിച്ചു. ഇന്ന് രാവിലെ നിലയ്‌ക്കലേക്ക് വിടും.

പരമ്പരാഗത പാത വഴി നടന്ന് പോയ സ്വാമിമാരെ അഴുതയിൽ വനപാലകർ തടഞ്ഞു. നാൽപ്പതോളം ഭക്തർ പ്രതിഷേധിച്ചതിനെ തുടർന്ന് പോകാൻ അനുവദിച്ചു.

ദേവസ്വം ജീവനക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവരെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചാണ് കടത്തി വിട്ടത്. മാദ്ധ്യമപ്രവർത്തകരെ ഇലവുങ്കലിൽ തടഞ്ഞു. നടന്നു വന്ന പതിനഞ്ചോളം തീർത്ഥാടകർ നിലയ്ക്കലിൽ തങ്ങുന്നു. എരുമേലി എം.ഇ.എസ് കോളേജിനു സമീപം തീർത്ഥാടകരുടെ വാഹനങ്ങൾ പൊലീസ് തടഞ്ഞു.

എരുമേലിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നുമുളള റോഡുകൾ സംഗമിക്കുന്ന പ്രധാന പോയിന്റാണ് ഇലവുങ്കൽ. ഇവിടെ സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ പാസ് കാണിക്കണം. ഇലവുങ്കലിൽ നിന്ന് നിലയ്ക്കലേക്കു അഞ്ച് കിലോമീറ്ററുണ്ട്.

നടന്നു പോകുന്നവരെ ഇന്നു രാവിലെ 10.30 മുതൽ നിലയ്ക്കലിൽ നിന്ന് പമ്പയ്ക്ക് വിടും. കെ. എസ്. ആർ.ടി. സി ബസുകൾ ഉച്ചയ്ക്ക് 12ന് പമ്പയിലേക്ക് സർവീസ് ആരംഭിക്കും.