കൊടുമൺ: പ്ലാന്റേഷൻ കോർപ്പറേഷൻ ചന്ദനപള്ളി എസ്റ്റേറ്റിൽ കാട്ട് പന്നി ശല്യം രൂക്ഷമായി. തൊഴിലാളികൾക്ക് ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണ് ഇവിടെ . മാസങ്ങൾക്കിടെ നിരവധി തൊഴിലാളികൾക്കാണ് കാട്ട്പന്നിയാക്രമണത്തിൽ പരിക്കേറ്റത്.ബുധനാഴ്ച ഡിവിഷൻ ഇ യിലെ ടാപ്പിംഗ് തൊഴിലാളിയായ ഷൈലജ കാട്ട് പന്നിയുടെ കുത്തേറ്റ് 10 മീറ്റർ ദൂരത്തേക്ക് തെറിച്ച് വീണു. സാരമായ പരിക്കേറ്റ് ഇവർ ഇപ്പോൾ ചികിത്സയിലാണ്. ചന്ദനപളളി എസ്റ്റേറ്റിലെ റബർമരങ്ങൾക്കിടയിലെ അടിക്കാടുകൾ തെളിച്ചിട്ട് രണ്ട് വർഷത്തിലേറെയായി.രണ്ടാൾ പൊക്കത്തിൽ പടർന്ന് നിൽക്കുന്ന വലിയ കാടുകൾ വകഞ്ഞ് മാറ്റി വേണം തൊഴിലാളികൾക്കിവിടെ ടാപ്പിംഗ് നടത്താൻ. ഈ കാടുകൾ കേന്ദ്രീകരിച്ചാണ് കാട്ടുപന്നികൾ പെറ്റുപെരുകി വിഹരിക്കുന്നത്. ടാപ്പിഗിനായി എത്തുന്ന തൊഴിലാളികളെ പന്നികൾ കൂട്ടത്തോടെ അക്രമിക്കുവാൻ പാഞ്ഞടുത്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തലനാരിഴക്കാണ് പലരും രക്ഷപെട്ടത്.
പരാതി പറഞ്ഞ് മടുത്തെന്ന് തൊഴിലാളികൾ
നിരവധി തവണ ഉദ്യോഗസ്ഥരും തൊഴിലാളികളും കാടുകൾ വെട്ടിമാറ്റണമെന്നാവശ്യപെട്ട് കോർപ്പറേഷൻ അധികൃതരെ സമീപിച്ചുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മുൻപ് എസ്റ്റേറ്റ് മാനേജർക്ക് കാടുകൾ വെട്ടി മാറ്റാനുള്ള ടെൻഡർ വിളിക്കാൻ അധികാരം ഉണ്ടായിരുന്നുവെങ്കിലും പുതിയ എം.ഡി വന്നതോടെ ഇത് ഇല്ലാതാക്കുകയായിരുന്നു. തൊഴിലാളികൾ ടാപ്പിംഗ് നടത്താൻ വിമുഖത കാട്ടുകയാണെങ്കിൽ കടുത്ത ശിക്ഷാ നടപടികളുമായി മാനേജ്മെന്റ് രംഗത്ത് വരികയാണ് പതിവ്. കാട്ടുപന്നി ഭീഷണി കൂടാതെ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്.
.
അടിക്കാടുകൾ അടിയന്തരമായി വെട്ടി നീക്കി തൊഴിലാളികൾക്ക് ഭയം കൂടാതെ ജോലി ചെയ്യുവാനുള്ള അവസരം മാനേജ്മെന്റ് ഒരുക്കണം
വിജയകുമാർ
(ഐ.എൻ.ടി.യു.സി തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി)