sabarimala

ശബരിമല: വ്രതശുദ്ധിയുടെ പുണ്യദിനങ്ങൾക്ക് തുടക്കം കുറിച്ച് മണ്ഡല - മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ വൈകിട്ട് നിലവിലെ മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്ര‌യിൽനിന്നുണർത്തി ദീപം തെളിക്കുക. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലും വിളക്ക് തെളിച്ചശേഷം മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴിയിലും അഗ്നിപകരും. ഇന്ന് പ്രത്യേക പൂജകൾ ഒന്നുമില്ല. വൈകിട്ട് ആറ് മണിയോടെ നിയുക്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ അവരോധന ചടങ്ങുകൾ നടക്കും. ശബരിമല മേൽശാന്തി മണ്ണാർകാട് തച്ചനാട്ടകം കണ്ടൂർകുന്ന് വരിക്കാശേരി മനയിൽ വി. എൻ. വാസുദേവൻ നമ്പൂതിരിയുടെ അവരോധന ചടങ്ങാണ് ആദ്യം നടക്കുക. തന്ത്രിയുടെ കാർമ്മികത്വത്തിൽ കലശംപൂജിച്ച് മേൽശാന്തിയെ അഭിഷേകം ചെയ്തശേഷം ശ്രീകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി മൂലമന്ത്രവും പൂജാവിധികളും പറഞ്ഞുകൊടുക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി തിരുവൻവണ്ടൂർ ഇരമല്ലിക്കര മാമ്പറ്റ ഇല്ലത്ത് എം. എൻ. നാരായണൻ നമ്പൂതിരിയുടെ അവരോധിക്കൽ ചടങ്ങ് നടക്കും. വൃശ്ചികം ഒന്നായ നാളെ പുതിയ മേൽശാന്തിമാരാണ് നട തുറക്കുക. സ്ത്രീപ്രവേശന വിഷയത്താൽ സങ്കീർണമായ അന്തരീക്ഷത്തിലാണ് മണ്ഡല - മകരവിളക്ക് ഉത്സവം കടന്നുപോവുക. യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി ഒരു ഭാഗത്തും പത്തിനും അൻപതിനും ഇടയിലുള്ള സ്ത്രീകളെ തടയുമെന്ന സംഘപരിപാർ സംഘടനകളുടെ ഭീഷണി മറുഭാഗത്തും നിലനിൽക്കുന്നതിനാൽ പഴുതടച്ച സുരക്ഷയാണ് ഇക്കുറി ഏർപ്പെടുത്തിയിരിക്കുന്നത്.

ഒരുക്കങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല. എങ്ങും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. 30 ലക്ഷത്തോളം ടിൻ അരവണയും, 10 ലക്ഷം പായ്ക്കറ്റ് അപ്പവും കരുതൽശേഖരമായി തയ്യാറാക്കിയിട്ടുണ്ട്.