sabarimala

ശബരിമല: ടിവി ചാനൽ സംഘങ്ങളെ ഇന്നലെ അർദ്ധരാത്രിയി​ൽ ശബരിമലയിൽ നിന്നു പൊലീസ് ഇറക്കിവിട്ടു. ജനം, ന്യൂസ് 18, അമൃത ടിവി തുടങ്ങിയ ദൃശ്യമാദ്ധ്യമ പ്രവർത്തകരെയാണ് അകാരണമായി ജാമ്യമില്ലാവകുപ്പിൽ കേസെടുക്കുമെന്ന ഭീഷണിമുഴക്കി പുറത്താക്കിയത്. ഇവരെ സന്നിധാനത്തുനിന്നു പമ്പയിൽ എത്തിക്കുകയും അവിടെനിന്നു പൊലീസിന്റെ വാഹനത്തിൽ പത്തനംതിട്ടയിൽ എത്തിച്ചാണ് ഇറക്കിവിട്ടത്. അമൃത ടിവി സംഘം പത്ത് ദിവസമായി സന്നിധാനത്തുണ്ടായിരുന്നു. ജനം ടിവി ഇന്നലെ വൈകിട്ട് 6 മണിയുടെ വാർത്ത സന്നിധാനത്തുനിന്നു ലൈവായി സംപ്രേഷണം ചെയ്തതോടെയാണ് പൊലീസ് രംഗത്ത് എത്തുന്നത്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ. എസ്.പിയാണ് ആദ്യം സന്നിധാനത്തുനിന്നു പോകണമെന്ന നിർദ്ദേശം നൽകിയത്.

എന്നാൽ തങ്ങൾ ഒരുവർഷത്തെ വാടക അടച്ച മുറിയിലാണ് തങ്ങുന്നതെന്നും സാങ്കേതികമായ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിനാൽ പോകാൻ കഴിയില്ലെന്നും മാദ്ധ്യമസംഘം മറുപടി നൽകി. ഇതിനെ തുടർന്ന് പിൻവാങ്ങിയ പൊലീസ് രാത്രി 9 മണിയോടെ എത്തി ഇറങ്ങിയേ മതിയാകൂവെന്ന് ആവശ്യപ്പെട്ടു. മാദ്ധ്യമവിലക്ക് ഉണ്ടെങ്കിൽ രേഖാമൂലം എഴുതിത്തരണമെന്ന് മാദ്ധ്യമപ്രവർത്തകർ നിലപാടെടുത്തു. ഇതോടെ ഒരു ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാർ എത്തി ബലപ്രയോഗത്തിലൂടെ പുറത്താക്കാൻ ശ്രമം ആരംഭിച്ചു. ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസ് എടുക്കണമെന്ന അവസ്ഥ സംജാതമായതോടെയാണ് ചാനൽ സംഘം ഇറങ്ങാൻ നിർബന്ധിതരായത്. പമ്പയിൽ തങ്ങുന്നതിന് സൗകര്യം ഒരുക്കാമെന്ന് പറഞ്ഞാണ് സന്നിധാനത്തുനിന്നും ഇറക്കിയത്. എന്നാൽ പമ്പയിൽ എത്തിയതോടെ പൊലീസ് വീണ്ടും നിലപാട് മാറ്റി.

അർദ്ധരാത്രിയിൽ വാഹനം ഇല്ലാതെ വന്നതോടെ പൊലീസ് വാഹനത്തിൽ മാദ്ധ്യമസംഘത്തെ പത്തനംതിട്ടയിൽ കൊണ്ടിറക്കി വിടുകയായിരുന്നു.

ഇന്നലെ എത്തിയ മാദ്ധ്യമപ്രവർത്തകരെയും പൊലീസ് കടത്തിവിടാതെ തടഞ്ഞിരിക്കുകയാണ്. ഇന്ന് രാവിലെ 10.30 ഒാടെ സന്നിധാനത്തേക്ക് അയയ്ക്കുമെന്നാണ് പൊലീസ് ഉറപ്പ് നൽകുന്നത്.