thiru
തിരുവഞ്ചൂർ രാധാകൃഷ്ണൻ

പത്തനംതിട്ട : വിശ്വാസ സംരക്ഷണ പദയാത്രയ്ക്കിടെ പ്രവർത്തകരോട് പിണങ്ങി തിരുവഞ്ചൂരിന്റെ ഉപവാസം. ജാഥ ഇലന്തൂർ പഞ്ചായത്ത് സ്‌റ്റേഡിയത്തിലെത്തിയപ്പോൾ പ്രവർത്തകരുടെ എണ്ണം കുറവായതാണ് തിരുവഞ്ചുരിനെ ചൊടിപ്പിച്ചത്. ഇന്നലെ പുലർച്ചെ പുല്ലാട്ട് നിന്നും തിരുവഞ്ചുർ രാധാകൃഷ്ണന്റെ നേതൃത്യത്തിൽ ആരംഭിച്ച വിശ്വാസ സംരക്ഷണ പദയാത്രക്ക് ഉച്ചഭക്ഷണം ഇലന്തുർ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരുന്നത്. എന്നാൽ ഉച്ചക്ക് 2 മണിയോടെ പദയാത്ര ഇലന്തൂർ സ്റ്റേഡിയത്തിലെത്തുമ്പോൾ 35 ഓളം പ്രവർത്തകർ മാത്രമാണ് തിരുവഞ്ചുരിനൊപ്പം ഉണ്ടായിരുന്നത്. പഞ്ചായത്ത് സ്റ്റേഡിയത്തിലും വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമായിരുന്നു. 1100 ൽ അധികം പേർക്ക് ഭക്ഷണം തയ്യാറാക്കിയിരുന്നെങ്കിലും പദ യാത്രക്കൊപ്പം വന്നവരും സ്റ്റേഡിയത്തിൽ സ്വീകരിക്കാനുണ്ടായിരുന്നതുമായി 50 ൽ താഴെ പ്രവർത്തകർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതിൽ പ്രതിഷേധിച്ച് തിരുവഞ്ചുർ രാധാകൃഷ്ണൻ ഉച്ചഭക്ഷണം ഉപേക്ഷിച്ച് 5 മണി വരെ ഇലന്തുരിൽ ഉപവസിക്കാൻ തീരുമാനിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കുടുതൽ പ്രവർത്തകരും നേതാക്കളും എത്തിച്ചേർന്ന് അദേഹത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഉപവാസം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇത്ര ഗൗരവമേറിയ സമരത്തെ വേണ്ടത്ര പ്രാധാന്യത്തോടെ കാണാതിരുന്ന സംഘാടകരുടെ നിലപാട് ദൗർഭാഗ്യകരമാണെന്ന് തിരുവഞ്ചുർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. സർവകക്ഷി യോഗം പ്രഹസനമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പുല്ലാട് നിന്ന് യാത്രക്കൊപ്പമുണ്ടായിരുന്ന പ്രവർത്തകർ കോഴഞ്ചേരിയിലും മല്ലപ്പുഴശേരിയിലും തങ്ങിയതിനാൽ ഇലന്തൂരിൽ 3 ന് എത്തിച്ചേരാൻ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. അത് കൊണ്ടാണ് ആശയക്കുഴപ്പമുണ്ടായതെന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞു.