പത്തനംതിട്ട: കെ.പി.സി.സിയുടെ ആഭിമുഖ്യത്തിൽ നടന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് പത്തനംതിട്ടയിൽ ആവേശോജ്ജ്വലമായ സമാപനം. ജില്ലയുടെ അതിർത്തികളായ റാന്നി, അടൂർ, പന്തളം, തിരുവല്ല, കോന്നി മേഖലകളിൽ നിന്ന് കോൺഗ്രസ് പ്രചാരണസമിതി അദ്ധ്യക്ഷൻ കെ.മുരളീധരൻ എം.എൽ.എ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഷാനിമോൾ ഉസ്മാൻ എന്നിവർ നയിച്ച വാഹന, കാൽനട ജാഥകൾ ജില്ലാ സ്റ്റേഡിയത്തിൽ സംഗമിച്ച ശേഷമാണ് മഹാസമ്മേളനം നടന്നത്. പാതയോരങ്ങളിൽ ത്രിവർണ പതാകകളേന്തി സ്വീകരിച്ച പ്രവർത്തകർ യാത്രയ്ക്കൊപ്പം അണിചേർന്നു.
സി.പി.എമ്മും ബി.ജെ.പിയും വർഗീയതയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പാക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വർഗീയത പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുന്നവർക്കുള്ള താക്കീതാണ് കോൺഗ്രസ് നടത്തിയ വിശ്വാസ സംരക്ഷണജാഥകൾ. സുപ്രീംകോടതി വിധിയുടെ പകർപ്പ് കിട്ടുന്നതിനുമുമ്പ് വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ കാട്ടിയ തിടുക്കമാണ് പ്രശ്‌നങ്ങൾക്ക് കാരണം.
ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി കൊടുക്കാൻ തയ്യാറായ ഏക രാഷ്ട്രീയ പാർട്ടി കോൺഗ്രസാണ്. വിശ്വാസികൾക്കൊപ്പമെന്നു പറഞ്ഞ് നടക്കുന്ന ബി.ജെ.പിയും ആർ.എസ്.എസും എന്തുകൊണ്ട് റിവ്യൂ ഹർജി കൊടുത്തില്ലെന്ന് ചെന്നിത്തല ചോദിച്ചു.
ശബരിമല കേരളത്തിന്റെ വികാരം: ഉമ്മൻചാണ്ടി
ശബരിമല കേരളത്തിന്റെ വികാരമാണെന്നും അവിടത്തെ വിശ്വാസത്തിനും ആചാരത്തിനും പോറലേൽപ്പിക്കാൻ അനുവദിക്കില്ലെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പറഞ്ഞു. അവിടെ അക്രമങ്ങൾ സർക്കാർ സ്പോൺസർ ചെയ്തിരിക്കുകയാണ്. വിശ്വാസത്തിൽ പിണറായിക്കും സി.പി.എമ്മിനും താത്പര്യമില്ല. വിശ്വാസികളുടെ മനോവീര്യം തകർക്കാൻ സർക്കാർ നോക്കുമ്പോൾ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാൽ എം.പി, പി.സി. വിഷ്ണുനാഥ്, ആന്റോ ആന്റണി എം.പി, ശശിതരൂർ എം.പി, അടൂർ പ്രകാശ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, ജെയ്‌സൺ ജോസഫ്, പ്രയാർ ഗോപാലകൃഷ്ണൻ, പഴകുളം മധു എന്നിവർ പ്രസംഗിച്ചു.