ചെങ്ങന്നൂർ: തുലാവർഷം കനിയാത്തതിൽ നെൽകർഷകർ പ്രതിസന്ധിയിൽ. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ കോലടത്തുശേരി, മഴുക്കീർ, തിരുവൻവണ്ടൂർ, ഉമയാറ്റുകര, ഇരമല്ലിക്കര, അട്ടക്കുഴി, എന്നിവിടങ്ങളിലെ 120 ഹെക്ടർ പാടശേഖരമാണ് മഴലഭിക്കാത്തതിനെത്തുടർന്ന് തരിശുകിടക്കുന്നത്. തുലാം 15ന് മുൻപ് വിത്ത് വിതക്കേണ്ട പാടമാണ് ഇപ്പോൾ ഉണങ്ങി വിണ്ടു കീറിയത്. പാടത്ത് പ്രളയത്താൽ അടിഞ്ഞുകൂടിയ ചെളിയും ചേറും വൃത്തിയാക്കി പാടം പൂട്ടി ഒരുക്കിയ ശേഷം ഡോളോ മൈറ്റ് വിതറിഇട്ടു. മഴ പ്രതീക്ഷിച്ച് ആണ് ഇത്രയും ജോലികൾ കർഷകർ വേഗത്തിൽ പൂർത്തിയാക്കിയത്. ജ്യോതി, ഉമ ഇനത്തിൽപ്പെട്ട വിത്തും കൃഷി വകുപ്പിൽ നിന്നും സജ്ജമായികഴിഞ്ഞു. കഴിഞ്ഞ വർഷം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഈ സ്ഥലങ്ങളിൽ കർഷകർ പരീക്ഷിച്ചതാണെങ്കിലും പൂർണ്ണ ഫലം കണ്ടില്ല. പിന്നീട് ഉളള ഏക ആശ്രയം പി.ഐ.പി കനാൽ ജല പദ്ധതിയാണ്. നവംബർ അവസാനത്തോടുകൂടി പി.ഐ.പി കനാൽ വഴി ജലം ലഭ്യമാക്കുമെന്ന് ഒരു മാസത്തിനു മുൻപ് ചെങ്ങന്നൂർ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.ഐ.പി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പറഞ്ഞിരുന്നു. കനാൽ ജലം എത്രയും വേഗം ലഭ്യമാക്കുവാനുളള നടപടിക്കു വേണ്ടി പാടശേഖര സമിതി തയാറാവുകയാണ്. ചെങ്ങന്നൂർ ബ്ലോക്കിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിലേയും മുൻസിപ്പാലിറ്റിയിലേയും കർഷകരാണ് പ്രതിസന്ധിയിലാവുക.
വെളളം കിട്ടാതെ വന്ന് പാടം വിണ്ടുകീറിയാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പട്ടാളപ്പുഴു മുട്ടയിട്ട് പെരുകി ആക്രമണം രൂക്ഷമായത്.ഈ ആശങ്കയും നിലനിൽക്കുന്നുണ്ട്.
കെ.പി.ചന്ദ്രൻ പിള്ള
(പാടശേഖര സമിതി പ്രസിഡന്റ് )
തരിശ് കിടക്കുന്നത് 120 ഹെക്ടർ പാടശേഖരം