sabari
ശബരിമല

ശബരിമല: ഭക്തസഹസ്രങ്ങൾക്ക് ദർശന പുണ്യം പകർന്ന് മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല ശ്രീകോവിൽ നട തുറന്നു. ഇന്നലെ വൈകിട്ട് 5ന് മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയാണ് നടതുറന്ന് ശ്രീലകത്ത് ദീപം പകർന്നത്. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം പകർന്നശേഷം പതിനെട്ടാംപടി ഇറങ്ങി ആഴിയും ജ്വലിപ്പിച്ചു. രാവിലെ തുടങ്ങിയ മഴ നടതുറന്നതോടെ ശമിച്ചു.

ഇരുമുടിക്കെട്ടുമായി കാത്തുനിന്ന നിയുക്ത ശബരിമല മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എം.എൻ. നാരായണൻ നമ്പൂതിരിയെയും സ്ഥാനമൊഴിയുന്ന മേൽശാന്തി എ.വി. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി കൈപിടിച്ച് പതിനെട്ടാംപടി കയറ്റി. തുടർന്ന് അരമണിക്കൂർ വൈകിയാണ് ഭക്തരെ പതിനെട്ടാംപടി കയറാൻ പൊലീസ് അനുവദിച്ചത്.

വൈകിട്ട് 7 ഓടെ മേൽശാന്തിമാരുടെ സ്ഥാനമേൽക്കൽ ചടങ്ങ് ആരംഭിച്ചു. കിഴക്കേ മണ്ഡപത്തിൽ പൂജിച്ച കലശം തന്ത്രി കണ്ഠരര് രാജീവര് നിയുക്ത സന്നിധാനം മേൽശാന്തിയെ അഭിഷേകം ചെയ്തശേഷം ശ്രീകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി ശബരിമലയിലെ മൂലമന്ത്രവും പൂജാവിധികളും പകർന്ന് നൽകി. തുടർന്ന് മാളികപ്പുറം മേൽശാന്തിയുടെ സ്ഥാനമേൽക്കൽ ചടങ്ങ് മാളികപ്പുറത്തും നടന്നു.

സീസണിലെ ആദ്യ കളഭാഭിഷേകം ഇന്ന് ഉച്ചപൂജയ്ക്ക് മുന്നോടിയായി നടക്കും. ദിവസവും പുലർച്ചെ 4ന് തുറക്കുന്ന നട ഉച്ചയ്ക്ക് 1ന് അടയ്ക്കും. വൈകിട്ട് 3ന് വീണ്ടും തുറന്ന് രാത്രി 10.50ന് ഹരിവരാസനം ചൊല്ലി 11ന് നട അടയ്ക്കും.