പമ്പ: ശബരിമലയിൽ യുവതീ പ്രവേശന വിധി നടപ്പാക്കാൻ സാവകാശം ചോദിച്ച് ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഇന്നാേ നാളെയോ ഹർജി നൽകും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ചന്ദ്ര ഉദയ് സിംഗ് ബോർഡിനു വേണ്ടി ഹാജരാകും. ഇന്നലെ പമ്പയിൽ ചേർന്ന ബോർഡ് യോഗമാണ് തീരുമാനമെടുത്തത്.
പ്രളയത്തിൽ തകർന്ന പമ്പയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള കാലതാമസം, യുവതീ പ്രവേശന വിധിയെ തുടർന്ന് തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും ശബരിമലയിലുണ്ടായ ഗുരുതര ക്രമസമാധന പ്രശ്നങ്ങൾ എന്നിവ ഹർജിയിൽ ചൂണ്ടിക്കാട്ടും. മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ഹർജി നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചതെന്ന് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. പമ്പയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് വനഭൂമി വിട്ടുകിട്ടുന്നതിനും ഉന്നതാധികാര സമിതി നിർദ്ദേശിച്ച പ്രകാരം വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനും സമയം വേണ്ടിവരുമെന്ന് സുപ്രീംകോടതിയെ ധരിപ്പിക്കും.
സാവകാശ ഹർജി നൽകുന്നതിനാൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് ബോർഡ് പിന്മാറിയതായി കാണേണ്ടതില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ വിധി നടപ്പാക്കണമെന്നാണ് ബോർഡിന്റെ നിലപാട്. ശബരിമലയിൽ സമാധാനപരമായ തീർത്ഥാടന കാലം മുന്നോട്ടു കൊണ്ടുപോകുന്നതിന് മുഖ്യമന്ത്രി, തന്ത്രിമാർ, പന്തളം കൊട്ടാരം തുടങ്ങിയവരുമായി പലവട്ടം ചർച്ച നടത്തി.
മൂന്നര മണിക്കൂർ നീണ്ട യോഗം
സാവകാശ ഹർജി നൽകാൻ തീരുമാനിച്ചത് മൂന്നര മണിക്കൂർ നീണ്ട യോഗത്തിനൊടുവിലാണ്. രണ്ടു മണിയോടെ തുടങ്ങിയ ബോർഡ് യോഗത്തിൽ പ്രസിഡന്റിനെ കൂടാതെ അംഗം കെ.പി. ശങ്കരദാസ്, കമ്മിഷണർ എൻ. വാസു, ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ചർച്ചയ്ക്കിടെ ബോർഡിന്റെ ഹൈക്കോടതിയിലെ അഭിഭാഷകരായ സുധീർ, ശശികുമാർ, രാജ് മോഹൻ എന്നിവരുമായി സംസാരിച്ചു. സാവകാശ ഹർജി നൽകുന്നതിന് തടസമില്ലെന്നാണ് ലഭിച്ച നിയമോപദേശം. വൈകിട്ട് 5.25നാണ് യോഗം അവസാനിച്ചത്.