പമ്പ: ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തിനെതിരെ ദേവസ്വം ബോർഡ്. ഒടുവിൽ മന്ത്രി ഇടപെട്ട് നിയന്ത്രണ
ത്തിന് ഇന്നലത്തേക്ക് അയവ് വരുത്തി.
രാത്രി നട അടച്ച ശേഷം ഭക്തർ സന്നിധാനത്ത് തങ്ങാൻ വിരിപ്പന്തൽ അനുവദിക്കില്ലെന്നും കടകളും അപ്പം, അരവണ കൗണ്ടറുകളും നെയ്യഭിഷേകം കൗണ്ടറുകളും അടച്ചിടണമെന്നുമുള്ള പൊലീസ് നിർദ്ദേശത്തിനെതിരെയാണ് ദേവസ്വം ബോർഡ് പ്രതിഷേധമറിയിച്ചത്. തലേന്നു വൈകിട്ട് ദർശനം നടത്തി രാവിലെ നെയ്യഭിഷേകം കഴിഞ്ഞ് മടങ്ങാനുള്ള അയൽ സംസ്ഥാനങ്ങളിലെ അടക്കം അയ്യപ്പൻമാർ സന്നിധാനത്ത് ഉണ്ടായിരുന്നു. ഇവരെ ഒഴിപ്പിച്ചാൽ തീർത്ഥാടനത്തെയും വരുമാനത്തെയും ബാധിക്കുമെന്ന സ്ഥിതിയായി. പൊലീസ് നിയന്ത്രണത്തിൽ അയവു വരുത്തിയില്ലെങ്കിൽ നട തുറന്ന ദിവസമായ ഇന്നലെ വൈകിട്ട് സന്നിധാനത്തേക്കു പോകേണ്ടതില്ലെന്ന് ബോർഡ് അംഗങ്ങൾ തീരുമാനിച്ചിരുന്നു. പ്രസിഡന്റ് എ. പത്മകുമാറും അംഗം കെ.പി. ശങ്കരദാസും ഉച്ചയ്ക്ക് പമ്പ ഗസ്റ്റ് ഹൗസിൽ തങ്ങി. പൊലീസ് നിയന്ത്രണം പിൻവലിച്ചില്ലെങ്കിൽ തീർത്ഥാടനത്തെ ബാധിക്കുമെന്ന് ബോർഡ് ദേവസ്വം മന്ത്രിയെ ഫോണിൽ അറിയിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഇന്നലത്തേക്കു മാത്രം പൊലീസ് അയഞ്ഞത്. പിന്നീട് പത്മകുമാറും കെ.പി. ശങ്കരദാസും സന്നിധാനത്തേക്കു പോവുകയും ചെയ്തു.
ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയെ ഉൾപ്പെടെ കണ്ട് തുടർന്നുള്ള ദിവസങ്ങളിലും പൊലീസ് നിയന്ത്രണത്തിൽ അയവുണ്ടാക്കുന്നതിന് ബോർഡ് പ്രസിഡന്റ് ചർച്ച നടത്തും.