പത്തനംതിട്ട : മണ്ഡലകാലം ആരംഭിച്ചതോടെ ജനറൽ ആശുപത്രിയിൽ ശബരിമല തീർത്ഥാടകർക്കായി ശബരിമല വാർഡ് ആരംഭിച്ചു. അഞ്ച് ഡോക്ടർമാരും ഏഴ് നഴ്സുമാരും അടങ്ങിയ സംഘത്തെ ശബരിമല വാർഡിലേക്ക് മാത്രമായി നിയമിച്ചിട്ടുണ്ട്. 20 കിടക്കകൾ തീർത്ഥാടകർക്കായി മാത്രം ഒരുക്കിയിട്ടുണ്ട്. അത്യാവശ്യ ഘട്ടമുണ്ടായാൽ അതിൽ കൂടുതൽ ലഭ്യമാക്കാനുള്ള സജീകരണവും നടപ്പിലാക്കിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. കാർഡിയോളജി, ഓർത്തോ, അനസ്തേഷ്യ, സർജൻ, ഫിസിഷൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. പരിചയ സമ്പന്നരായ ജീവനക്കാരെയാണ് ശബരിമല വാർഡിൽ വിന്യസിച്ചിരിക്കുന്നത്. ഇ.സി.ജി, ഇ.ഇ.ജി, വെന്റിലേറ്റർ, മൈനർ ഓപ്പറേഷൻ തീയറ്റർ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കോട്ടയം മെഡിക്കൽ കോളേജിലെത്തിയ്ക്കാനുള്ള സൗകര്യവും ഉണ്ട്. ഹോമിയോ ഡോക്ടറുടെ സേവനവും ഇവിടെ ലഭ്യമാകും. തീർത്ഥാടന കാലവുമായി ബന്ധപ്പെട്ട് കൂടുതൽ ഡോക്ടർമാരുടെയും നേഴ്‌സ്മാരുടെയും സേവനം ഉറപ്പാക്കാൻ തീരുമാനമായിട്ടുണ്ട്. തീർത്ഥാടകർക്ക് അപകടം ഉണ്ടായാൽ ആദ്യം എത്തിയ്ക്കുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ്. വിദഗ്ധ ചികിത്സ ആവശ്യമുള്ള സംഭവങ്ങളിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷമാണ് മറ്റ് ആശുപത്രികളിൽ എത്തിയ്ക്കുക. ശബരിമല തീർത്ഥാടകർക്കായി ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.
'' ഡോക്ടർമാർക്ക് കൃത്യമായ മാർഗ നിർദേശം നൽകിയിട്ടുണ്ട്. നൽകാൻ പറ്റുന്ന എല്ലാ ആധുനിക സജീകരണങ്ങളും നടപ്പാക്കിയിട്ടുണ്ട്. അഞ്ച് ഡോക്ടർമാരും ഏഴ് നഴ്സുമാരും എല്ലായ്പ്പോഴും ഡ്യൂട്ടിയിലുണ്ടാവും. ആവശ്യമെങ്കിൽ കൂടുതൽ പേരെ നിയമിക്കും. "
- ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ
" ശബരിമല വാർഡിന്റെ മേൽനോട്ട ചുമതല നഗരസഭയ്ക്കാണ്. തീർത്ഥാടകർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും."
നഗരസഭാദ്ധ്യക്ഷ
ഗീതാ സുരേഷ്
24 മണിക്കൂർ ആംബുലൻസ് സേവനം