ശബരിമല: പൊലീസൊരുക്കിയ കഠിന നിയന്ത്രണങ്ങളും സംഘർഷഭീതിയും മറികടന്ന് മലകയറിയെത്തിയ ഭക്തസഹസ്രങ്ങൾക്ക് വൃശ്ചികപ്പുലരിയിൽ മനംകുളിർത്ത ശബരീശദർശനം. പുതിയ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചത്. നിർമ്മാല്യ ദർശനത്തിനുശേഷം തന്ത്രി കണ്ഠരര് രാജീവരര് സീസണിലെ ആദ്യ നെയ്യഭിഷേകത്തിന് തുടക്കം കുറിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, ദേവസ്വം കമ്മിഷണർ എൻ. വാസു, ദേവസ്വം സെക്രട്ടി കെ.ആർ. ജ്യോതിലാൽ തുടങ്ങിയവർ നിർമ്മാല്യദർശനത്തിന് എത്തിയിരുന്നു. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമത്തോടെ പൂജാചടങ്ങുകൾ ആരംഭിച്ചു. ഉച്ചപൂജയ്ക്ക് മുന്നോടിയായി 25 കലശവും കളഭാഭിഷേകവും നടന്നു. തുടർച്ചയായി പതിനഞ്ചാം വർഷവും കൊല്ലം അഞ്ചാലുംമൂട് സ്വദേശി മനോജ് കുമാറിന്റെ വകയായിരുന്നു സീസണിലെ ആദ്യ കളഭാഭിഷേകം. മറയൂരിൽനിന്നുള്ള ചന്ദനം അരച്ചാണ് കളഭക്കൂട്ട് ഒരുക്കിയത്. പുലർച്ചെ 3 നാണ് നട തുറന്നത്.
സർവ്വത്ര വിലക്ക്, തിരക്ക് പകുതിയായി
പൊലീസ് ഏർപ്പെടുത്തിയ പരിധിയില്ലാത്ത നിയന്ത്രണങ്ങൾക്കും വിലക്കുകൾക്കുമിടയിൽ വശംകെട്ടാണ് ഭക്തർ മലചവിട്ടുന്നത്. ശനിയാഴ്ചകൂടി ആയതിനാൽ ഇന്നലെ പതിവിലേറെ തിരക്കുണ്ടാകേണ്ടതായിരുന്നു. എന്നാൽ, മുൻവർഷങ്ങളിലെത്തിയതിന്റെ പകുതി ഭക്തർപോലും ദർശനത്തിനെത്തിയില്ല.
രാത്രി 8 മണിക്കു നിലയ്ക്കലിൽനിന്നു പമ്പയിലേക്കുള്ള ബസ് സർവീസ് നിറുത്തിവച്ച ശേഷം 12.30 നാണ് പുനരാരംഭിച്ചത്. അത്രയും നേരം നിലയ്ക്കലിൽ വെറുതേ കാത്തുകിടക്കേണ്ട ഗതികേടാണ് ഇപ്പോൾ ഭക്തർക്ക്. ഇവർ പമ്പയിലെത്തി സ്നാനം നടത്തി മലയിലെത്തുംമുൻപ് ശബരിമല നട തുറക്കുകയും ചെയ്തിരുന്നു. യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത നിലയ്ക്കലിൽ ബസ് പോകുന്നതും കാത്ത് കഴിയേണ്ടിവരുന്ന തീർത്ഥാടകർ നേരിടുന്നത് പറഞ്ഞറിയിക്കാനാവാത്ത ദുരിതമാണ്. മരക്കൂട്ടംമുതൽ മളികപ്പുറം വരെ ഒരിടത്തും വിശ്രമിക്കുന്നതിന് സൗകര്യമില്ല. ഇന്നലെ ദർശനത്തിന് എത്തിയവരിൽ അധികവും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. മലയാളികളായ തീർത്ഥാടകരുടെ എണ്ണത്തിലാണ് ഗണ്യമായ കുറവുണ്ടായത്.