ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമിച്ച അതിജീവനം ഗ്രന്ഥശാലയുടെ സാക്ഷാത്കാരത്തിന് സഹായിച്ച സുമനസുകളെ ആദരിച്ചു.സ്‌കൂൾ ആഡിറ്റോറിയത്തിൽ ചേർന്ന സാംസ്‌കാരിക സംഗമം തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: ഏലിക്കുട്ടി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥി ആയിരുന്നു. ലൈബ്രറിക്ക് കൈത്താങ്ങായ വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ കൗൺസിലിന് വേണ്ടി ഗിരിജ ടീച്ചർ, കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയന് വേണ്ടി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഇസ്മായിൽ, നെടുമങ്ങാട് ഹാജി എം അലിയാര് കുഞ്ഞ് ട്രസ്റ്റിന് വേണ്ടി അൻസർ, ബാംഗ്ലൂർ കബാബ് മിർച്ചിയുടെ ഉടമസ്ഥൻ ബാസിത്, തിരുവനന്തപുരം അസ്ത്രക്ക് വേണ്ടി അനന്തു.എസ്.കൃഷ്ണ എന്നിവർക്ക് സ്‌കൂളിന്റെ സ്‌നേഹാദരം കവി ഒ.എസ്.ഉണ്ണിക്കൃഷ്ണൻ സമർപ്പിച്ചു. 800 ചതുരശ്ര അടിസ്ഥലത്ത് വിശാലമായ വായനാമുറി, ഓൺലൈൻ റഫറൻസ് സംവിധാനം എന്നിവയും ഈ വായനാശാലയിൽ ഒരുക്കിയിട്ടുണ്ട്.കൂടാതെ ചുമരുകളിൽ പ്രളയാതിജീവനത്തിന്റെ ചിത്രീകരണവും ഉണ്ട്. പ്രളയാതി ജീവനത്തിന്റെ സ്മാരക ഗ്രന്ഥശാലയാണിത്. എസ്.എം.സി ചെയർമാൻ ജി.സുപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ കെ.കെ. സാവിത്രി ദേവി, ഗ്രാമ പഞ്ചായത്തംഗം ഹരികുമാർ മൂരിത്തിട്ട, രാധാകൃഷ്ണൻ പാണ്ടനാട്, എസ്.ബാലചന്ദ്രൻ നായർ, സുരേഷ് അംബീരത്ത്, വിപിൻ കുമാർ, പി.ടി.എ പ്രസിഡന്റ് എം.ജി. സരസ്വതിയമ്മ, മേഘ സുധീർ, നിസാർ ചേലേരി, അധ്യാപിക ഷക്കീല, എം.എം ജിജുമോൻ. എസ്.പ്രീതി, സാമൂഹിക പ്രവർത്തക കൃഷ്ണവേണി എന്നിവർ സംസാരിച്ചു.