cheriyanad-school
ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ കൊച്ചി ആസ്ഥാനമായുള്ള എൻ.പി.ഒ.എല്ലിലെ ശാസ്ത്രജ്ഞൻ എസ്.മാധവൻ നമ്പൂതിരി കുട്ടികളോട് സംവദിക്കുന്നു

ചെറിയനാട്: പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ശാസ്ത്ര രംഗം പരിപാടിയോടനുബന്ധിച്ച് കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുവാനുദ്ദേശിച്ച് ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ശാസ്ത്രജ്ഞനോടൊപ്പം പരിപാടി കുട്ടികൾക്ക് പുതിയ അനുഭവമായി. സ്‌കൂൾ പി.ടി.എ.യും, സയൻസ് ക്ലബും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ കൊച്ചി ആസ്ഥാനമായുള്ള എൻ.പി.ഒ.എല്ലിലെ ശാസ്ത്രജ്ഞൻ എസ്.മാധവൻ നമ്പൂതിരിയാണ് കുട്ടികളോട് സംവദിച്ചത്. 2018ൽ കേന്ദ്ര സർക്കാരിന്റെ യുവശാസ്ത്ര പുരസ്‌കാരം കരസ്ഥമാക്കിയ ഇദ്ദേഹം കൃഷി വിജ്ഞാനം, പരിസ്ഥിതി, ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.എന്നാൽ പ്രതിരോധ സംബന്ധമായ ചോദ്യങ്ങൾക്ക്, അവ രഹസ്യ സ്വഭാവമുള്ളതിനാൽ മറുപടി നൽകിയില്ല. പ്രഥമാദ്ധ്യാപിക ആശ.വി.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ആർ.ഹരികുമാർ മാധവൻ നമ്പൂതിരിയെ ആദരിക്കുകയും, ജി.രാധാകൃഷ്ണൻ മോഡറേറ്ററായി. എസ്.സുമാദേവി, എൻ.പി.ആശാ ദേവി, എ.കെ.ശ്രീനിവാസൻ, ആർ.സുനിത, കെ.മഞ്ജു, എസ്.ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.