പമ്പ: പൊലീസിന്റെ കടുത്ത നിയന്ത്രണവും അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും ശബരിമലയിൽ തീർത്ഥാടകരെ ദുരിതത്തിലാക്കുന്നു. വിരിവച്ച് വിശ്രമിക്കാൻ ഇടമില്ല താമസിക്കാൻ മുറികളില്ല.ഭക്ഷണം കഴിക്കാൻ ഹോട്ടലുകളില്ല. ശൗചാലയങ്ങളിൽ വെള്ളമില്ല - അയ്യപ്പന്മാർ ഇന്നുവരെയില്ലാത്ത കഷ്ടപ്പാടാണ് അനുഭവിക്കുന്നത്.
മല കയറിയെത്തുന്നവരെ സന്നിധാനത്തും തിരിച്ചിറങ്ങുന്നവരെ പമ്പയിലും വിശ്രമിക്കാൻ പൊലീസ് അനുവദിക്കാത്തത് തർക്കമുണ്ടാക്കുന്നു. കാണിക്ക മണ്ഡപം പൊലീസ് വലയത്തിലായതിനാൽ ഭക്തർക്ക് കാണിക്കയിടാൻ പറ്റുന്നില്ല. ഇതിൽ ശബരിമല എക്സിക്യൂട്ടീവ് ഒാഫീസറും വാവരു നടയിലെ മുഖ്യകർമ്മിയും അതൃപ്തി അറിയിച്ചെങ്കിലും പൊലീസ് അയഞ്ഞില്ല. ക്ഷീണിച്ച് ഇരിക്കാൻ ശ്രമിക്കുന്ന കുട്ടികളോടു പോലും ദയവില്ല. പമ്പയിലും മരക്കൂട്ടത്തും സന്നിധാനത്തും പൊലീസിന്റെ കോട്ടയാണ്. പ്രതിഷേധക്കാർ എത്താതിരിക്കാനുളള പൊലീസിന്റെ കരുതൽ ഫലത്തിൽ ഭക്തരെ ബുദ്ധിമുട്ടിക്കുകയാണ്. ഏറെയും അയൽസംസ്ഥാന തീർത്ഥാടകരാണ്. ഭാഷ വശമില്ലാത്തതിനാൽ പ്രതികരിക്കാതെ അവർ മടങ്ങുന്നു.
നടപ്പന്തലും ആഡിറ്റോറിയവും അടച്ചു
ഭക്തർക്ക് വിശ്രമിക്കാനുളള സന്നിധാനത്തെ നടപ്പന്തലും പമ്പയിലെ ആഞ്ജനേയ ആഡിറ്റോറിയവും പൊലീസ് അടച്ചു. മരക്കൂട്ടത്തു നിന്ന് എത്തുന്ന തീർത്ഥാടകർ പതിനെട്ടാം പടി കയറിയും മാളികപ്പുറത്തും ദർശനം പൂർത്തിയാക്കുന്നതുവരെ വിശ്രമിക്കാൻ അനുവാദമില്ല. സന്നിധാനത്ത് നടപ്പന്തലിലും താഴെ തിരുമുറ്റത്തും തീർത്ഥാടകർ വിരിവച്ച് കിടക്കുമായിരുന്നു. ഇത്തവണ അവിടേക്ക് പ്രവേശനമില്ല. രണ്ടിടത്തും പൊലീസ് ബാരിക്കേഡ് വച്ചു. ഭക്തരെ ദർശനത്തിനു ശേഷം ഫ്ളൈ ഒാവർ വഴി തിരിച്ചിറക്കി പമ്പയിലേക്കു വിടുകയാണ്. രാവിലെ നെയ്യഭിഷേകം നടത്തേണ്ടവരെ ടിക്കറ്റും തിരിച്ചറിയൽ കാർഡും ഉണ്ടെങ്കിലേ സന്നിധാനത്ത് തങ്ങാൻ അനുവദിക്കുന്നുള്ളൂ. പൊലീസ് പറയുന്നിടത്ത് വിരിവയ്ക്കണം. പമ്പ ആഞ്ജനേയ ഒാഡിറ്റോറിയം ഇന്നലെ പുലർച്ചെ രണ്ടു മുതൽ പൊലീസ് സ്വന്തം വിശ്രമകേന്ദ്രമാക്കി. മല ഇറങ്ങി ക്ഷീണിച്ചവരെ ക്ഷേത്ര നടയിൽ പോലും ഇരിക്കാൻ അനുവദിക്കാതെ പമ്പ മണൽപ്പുറത്തേക്കു പറഞ്ഞു വിടുകയാണ്. ഹിൽടോപ്പിലെത്തുന്ന ഭക്തർ കെ.എസ്. ആർ.ടി.സി ബസുകളിൽ നിലയക്കലേക്ക് പോകണം.