im-vijayan


ശബരിമല: ശബരിമല സന്നിധാനത്ത് പൊലീസ് ഡ്യൂട്ടിയിൽ ഇന്ത്യൻ ഫുട്‌ബാളിലെ മിന്നുംതാരമായിരുന്ന ഐ.എം.വിജയനും. തൃശൂർ കെ.എ.പി ഒന്നിലെ സി.ഐയായ ഐ.എം.വിജയൻ ശബരിമല സന്നിധാനത്ത് നവംബർ 30 വരെയുള്ള ആദ്യഘട്ട സുരക്ഷാ ഡ്യൂട്ടിക്കായാണ് എത്തിയിട്ടുള്ളത്. ശരംകുത്തിയിലാണ് ഐ.എം.വിജയനെ നിയോഗിച്ചിരിക്കുന്നത്.
ഫുട്‌ബാൾ പോലെ പ്രിയപ്പെട്ടതാണ് തന്റെ പൊലീസ് ജോലിയുമെന്ന് ഒരു ചെറു പുഞ്ചിരിയോടെ ഐ.എം. വിജയൻ പറഞ്ഞു. ഇതിനു മുൻപും മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ കുറിച്ചു ചോദിച്ചപ്പോൾ മുഖം വാടി. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനത്തിൽ നന്നേ നിരാശനാണ്. എല്ലാ മേഖലയിലും ബ്ലാസ്റ്റേഴ്സ് മികവ് പുലർത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജയരാജിന്റെ ശാന്തം ഉൾപ്പെടെ ഒട്ടേറെ സിനിമകളിലെ അഭിനയത്തിലൂടെ വിസ്മയിപ്പിച്ച ഐ.എം.വിജയൻ പൊലീസ് വേഷത്തിലും തിളങ്ങുകയാണ്.