ശബരിമല : "ഇന്നലെയിങ്ങോട്ട് വന്ന ആളിന് എന്ത് ടെൻഷൻ... മാസങ്ങളായി ടെൻഷൻ അടിക്കുന്ന എന്നെപ്പോലുള്ളവർക്കല്ലേ ബി. പി കൂടേണ്ടത്... "ശബരിമല തന്ത്രി കണ്ഠരര് രാജീവരരിന്റെ കമന്റ് കേട്ട് കൂടിനിന്നവരുടെ ചിരി. സന്നിധാനത്ത കൊടിമരച്ചുവട്ടിൽ ആരോഗ്യവകുപ്പ് ആരംഭിച്ച ഫസ്റ്റ് എയ്ഡ് സെന്ററിന്റെ ഉദ്ഘാടനചടങ്ങായിരുന്നു വേദി. ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നിർവഹിച്ചത് തന്ത്രിയായിരുന്നു. ഒപ്പം മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയും എക്സിക്യൂട്ടീവ് ഒാഫീസർ സുധീഷ് കുമാറുമുണ്ടായിരുന്നു. ചടങ്ങിനുശേഷം ആദ്യമായി രക്തസമ്മർദ്ദം പരിശോധിക്കാൻ മേൽശാന്തിയെ ക്ഷണിച്ചപ്പോഴാണ് തന്ത്രിയുടെ കമന്റ് ഉയർന്നത്. യുവതീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ ഏറെ മാനസിക സമ്മർദ്ദം അനുഭവിക്കേണ്ടിവന്നതും വിവാദങ്ങളിലേക്ക് കൂടുതൽ വലിച്ചിഴയ്ക്കപ്പെട്ടതും തന്ത്രിയായിരുന്നു. മേൽശാന്തിയുടെ രക്തസമ്മർദ്ദം നോക്കിയശേഷം തന്ത്രിയെ ഡോക്ടർ ക്ഷണിച്ചു. ആദ്യം നിരസിച്ചെങ്കിലും കൂടെനിന്നവരുടെ അഭ്യർത്ഥന മാനിച്ച് മനസില്ലാമനസോടെ ഇരുന്നു. ഡോക്ടറുടെയും കൂടിനിന്നവരുടെയും മുഖത്ത് പിരിമുറുക്കം ഉണ്ടായപ്പോഴും തന്ത്രി വളരെ കൂളായിരുന്നു. രക്തസമ്മർദ്ദം നോർമലാണെന്ന് പറഞ്ഞപ്പോൾ കൂടിനിന്നവരുടെ മുഖത്ത് ഭക്തിസാന്ദ്രമായ ചിരി വിടർന്നു.