മല്ലപ്പള്ളി: ചൈനയിലെ ഹെനാൻ പ്രോവിൻസിൽ നടന്ന അന്തർദേശീയ കുങ് -ഫൂ മത്സരത്തിൽ രാജ്യത്തിന്റെ യശസ് ഉയർത്തി രണ്ടാം തവണയും കുന്നന്താനം സ്വദേശി എം.ജി. ദിലീപ് നേട്ടം കൈവരിച്ചു. കുങ്-ഫൂ വിലെ മൂന്ന് ഇനങ്ങളിൽ മത്സരിച്ച ദിലീപ് രണ്ട് വെങ്കലവും ഒരു വെള്ളിയും നേടി. വെപ്പൺ ഫോംസ്, ക്യാൻ ഷു, നാൻ ഖ്വാൻ എന്നിയിനങ്ങളിലാണ് ദിലീപ് മത്സരിച്ചത്. 65 രാജ്യങ്ങളിൽ നിന്നായി 243 ഗ്രൂപ്പുകളിലായി 3350 പേരാണ് ഇക്കുറി മത്സരത്തിനെത്തിയത്. ഇന്ത്യയെ പ്രതിനിധികരിച്ച മല്ലപ്പള്ളി കുന്നന്താനം സ്വദേശിയായ ദിലീപാണ് മുന്നേറ്റം കുറിച്ചത്. രണ്ട് വർഷം മുൻപ് ചൈനയിൽ നടന്ന മൽസരങ്ങളിൽ പങ്കെടുത്ത് മൂന്ന് മെഡലുകൾ ദിലീപ് രാജ്യത്തിന് വേണ്ടി നേടിയിരുന്നു. ആയോധനകലയുടെ ഈറ്റില്ലമായ ചൈനയിലെ ഷാവോലിൻ ടെമ്പിളിലെ പരിശീലനത്തിന് ശേഷമാണ് ദിലീപ് വീണ്ടും മത്സരങ്ങളിൽ പങ്കെടുത്തത്. കഴിഞ്ഞ മുപ്പത് വർഷമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ആയോധനകലയിൽ പരിശീലനം നൽകി വരുന്ന ദിലീപ് സ്വന്തം നാട്ടിലും സ്ത്രീകൾക്കും കുട്ടികൾക്കും പരിശീലനം നൽകുന്നുണ്ട്. തിരുവല്ലയിലും മല്ലപ്പള്ളിയിലും യോഗ ക്ലാസുകളുമുണ്ട്. ആയോധനകലയിൽ ആയിരകണക്കിന് ശിഷ്യ സമ്പത്തുള്ള എം ജി ദിലീപ് കുന്നന്താനം പ്രണവത്തിൽ പരേതരായ എം.എൻ. ഗോപാലകൃഷ്ണൻ നായരുടെയും ജി. പൊന്നമ്മയുടെ മകനാണ്. കുന്നന്താനം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ശ്രീബിന്ദുവാണ് ഭാര്യ. കുന്നന്താനം പഞ്ചായത്തിനെ രാജ്യത്തെ ആദ്യ യോഗ ഗ്രാമമായി പ്രഖ്യാപിക്കുന്നതിന് നേത്യത്വം നൽകിയത് എം ജി ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.