k-surendran

നിലയ്ക്കൽ: ശബരിമല ദർശനത്തിനെത്തിയ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെയും ഒപ്പം വന്ന നാലു പേരെയും നിലയ്ക്കലിൽ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. ഇന്നലെ വൈകിട്ട് 6.20ന് കാറിലാണ് സുരേന്ദ്രനും ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് എ.നാഗേഷും അടങ്ങിയ സംഘം ഇരുമുടിക്കെട്ടുമായി എത്തിയത്.

നിലയ്ക്കലിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ പോകാനൊരുങ്ങിയപ്പോൾ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ തടഞ്ഞു.

ശബരിമലയിലേക്കു പോയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് എസ്.പി പറഞ്ഞു. എന്നാൽ, തനിക്ക് ഇന്നു രാവിലെ ഗണപതി ഹോമവും നെയ്യഭിഷേകവും നടത്തണമെന്നും പോയേ തീരൂവെന്നും സുരേന്ദ്രൻ നിർബന്ധംപിടിച്ചു. ഇന്നു രാവിലെ വിടാമെന്ന് പൊലീസ് പറഞ്ഞെങ്കിലും വഴങ്ങിയില്ല. നിങ്ങൾക്ക് എന്നെ വെടിവച്ചേ തടയാൻ കഴിയൂവെന്ന് സുരേന്ദ്രൻ പറഞ്ഞത് പിരിമുറുക്കമുണ്ടാക്കി.

ഇരുപതു മിനിട്ടോളം പൊലീസുമായി വാക്കുതർക്കം തുടർന്നു. മുന്നോട്ടു നീങ്ങാനൊരുങ്ങിയ സുരേന്ദ്രന്റെ സംഘവും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതോടെ അറസ്റ്റ് ചെയ്യുകയാണെന്നു പറഞ്ഞ് ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ജീപ്പിൽ കയറ്റി. രാത്രി ഏഴരയോടെ നിലയ്ക്കൽ പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് ചിറ്റാർ പൊലീസ് സ്റ്റേഷനിലേക്കും മാറ്റി.

പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് പി. സുധീർ, ശബരിമല സംരക്ഷണ സമിതി എക്സി. അംഗം രാമചന്ദ്രൻ എന്നിവരെ സന്നിധാനത്തു നിന്ന് അറസ്റ്റ് ചെയ്ത് പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിട്ടു. പമ്പയിൽ കരുതൽ ത‌ടങ്കലിൽ വച്ച ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഭാർഗവയെ

ഇന്നലെ രാവിലെ ദർശനത്തിനു പോകാൻ അനുവദിച്ചു.