sasikala-1

പത്തനംതിട്ട : ശബരിമല കർമ്മ സമിതി ചെയർ പേഴ്സണും ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷയുമായ കെ.പി ശശികലയേയും ആചാര സംരക്ഷണ സമിതി ജനറൽ കൺവീനറും പന്തളം ക്ഷേത്ര ഉപദേശക സമിതി അദ്ധ്യക്ഷനുമായ പൃഥ്വിപാലിനെയും പൊലീസ് ജാമ്യം നൽകി വിട്ടയച്ചു.

ശനിയാഴ്ച പുലർച്ചെ 1.30ന് മരക്കൂട്ടത്ത് നിന്നാണ് എസ്.പി യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം ശശികലയെ അറസ്റ്റ് ചെയ്ത്. രാവിലെ 3.45ന് റാന്നി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അയ്യപ്പനെ ദർശിച്ച് നെയ്യഭിഷേകം നടത്തി തിരിച്ചു പോകാൻ എത്തിയ തന്നെ അകാരണമായി പൊലീസ് തടഞ്ഞു വച്ച് ദർശനം നിഷേധിച്ചതിലും മുന്നോട്ടു പോകാൻ അനുവദിക്കാത്തതിലും പ്രതിഷേധിച്ച് രാത്രി തന്നെ അവർ നിരാഹാരം പ്രഖ്യാപിച്ചിരുന്നു. ശശികലയെ സ്റ്റേഷനിൽ കൊണ്ടുവന്നു എന്ന വാർത്ത പരന്നതോടെ സ്റ്റേഷൻ മുറ്റത്ത് വലിയ ജനക്കൂട്ടം ഒത്തു കൂടി നാമജപ യജ്ഞം ആരംഭിച്ചു. വൻ പൊലീസ് സംഘവും എത്തിയതോടെ സംഘർഷാന്തരീക്ഷമായി. പത്തനംതിട്ട എസ് പി ടി.നാരായണന്റെ സംഘം നടത്തിയ ചർച്ചയിൽ ദർശനം പൂർത്തിയാക്കാൻ തന്നെ അറസ്റ്റ് ചെയ്തിടത്ത് തിരികെ വിടണം എന്ന് ശശികല ആവശ്യപ്പെട്ടു. മൂന്ന് മണിയോടെ ശശികലയെ സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് കൂടിയായ തിരുവല്ല ആർ.ഡി.ഒയുടെ മുന്നിൽ ഹാജരാക്കി ജാമ്യം നൽകാം എന്നും ദർശനത്തിനു തടസം ഉണ്ടാക്കില്ലെന്നും പൊലീസ് അറിയിച്ചതോടെ ശശികല ഉപവാസം അവസാനിപ്പിച്ചു.

പമ്പയിൽ അറസ്റ്റിലായ പൃഥ്വിപാലിനെ സ്റ്റേഷൻ ജാമ്യത്തിൽ മോചിപ്പിക്കാനും തീരുമാനമായി. ഇതോടെയാണ് ഒൻപതു മണിക്കൂർ നീണ്ട പിരിമുറുക്കത്തിന് വിരാമമായത്.

ശശികല വീണ്ടും ശബരിമലയിലേക്ക്

ജാമ്യത്തിലിറങ്ങിയ ശശികല വീണ്ടും ശബരിമല ദർശനത്തിന് പുറപ്പെട്ടു. രാത്രി പെരുനാട് തങ്ങിയ ശേഷം ഇന്ന് രാവിലെ പമ്പയിലെത്തുമെന്നാണ് അറിയുന്നത്.