പമ്പ: അയ്യപ്പൻമാരെ ശ്വാസം മുട്ടിക്കുന്ന പൊലീസ് നിയന്ത്രണം ശബരിമല തീർത്ഥാടനത്തെ ആശ്രയിക്കുന്ന ആയിരക്കണക്കിന് താെഴിലാളികളെ പട്ടിണിയിലാക്കി. ഹോട്ടലുകൾ ജോലിക്കാരെ കുറച്ചു. ചുമട്ടുകാർക്കും ഡോളിക്കാർക്കും പണി കിട്ടുന്നില്ല. അറുപത് ട്രാക്ടറുകളിൽ പകുതി പോലും പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകുന്നില്ല. പൊരി, തുണിക്കടകളിൽ തീർത്ഥാടകർ എത്തുന്നില്ല.
പണിയില്ലാത്തതിനാൽ മുൻവർഷങ്ങളിലെ താെഴിലാളികൾ പലരുമെത്തിയില്ല. വന്നവർ കടത്തിണ്ണകളിൽ കഴിയുന്നു.
വാഹനങ്ങൾക്ക് പാസും തീർത്ഥാടകർക്ക് തിരിച്ചറിയൽ കാർഡും നിബന്ധമാക്കിയതും സംഘർഷാവസ്ഥയും കാരണം ഭക്തരുടെ വരവ് കുറഞ്ഞു. അത് വ്യാപാരികൾക്ക് തിരിച്ചടിയായി. മലയാളി ഭക്തർ പമ്പയിലും സന്നിധാനത്തും തങ്ങി വഴിപാട് കഴിച്ചും ഹോട്ടൽ ഭക്ഷണം കഴിച്ചും മടങ്ങുന്ന രീതി പൊലീസ് തകിടം മറിച്ചതും വ്യപാരമേഖലയെ സ്തംഭിപ്പിച്ചു.
സന്നിധാനത്ത് രണ്ട് ഹോട്ടലുകളാണ് പ്രവർത്തിക്കുന്നത്. മറ്റുകടകൾ തുറന്നിട്ടില്ല. ചില കടകളുടെ ലേലം പൂർത്തിയായിട്ടില്ല. ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിനാൽ കടകളുടെ ലേലം കൊളളാൻ ആളുകളുണ്ടായില്ല. സീസണിൽ രണ്ടായിരത്തിലേറെ പേർക്ക് തൊഴിൽ ലഭിക്കുമായിരുന്നു. ഇത്തവണ പകുതിയാളുകൾക്കു പോലും പണിയില്ല.
പമ്പയിൽ തുറന്ന ഒരു ഹോട്ടലിൽ കഴിഞ്ഞ സീസണിൽ 164 തൊഴിലാളികളുണ്ടായിരുന്നു. ഇത്തവണ 80ന് താഴെ മാത്രം. മൂന്നു ദിവസമായി ചെലവിന് പോലുമുള്ള കച്ചവടം കിട്ടിയില്ല. കൂലി കൊടുക്കാനാവാത്തതിനാലാണ് തൊഴിലാളികളുടെ എണ്ണം കുറച്ചതെന്ന് കടയുടമ പറഞ്ഞു. പമ്പയിലെ ഹോട്ടലുകളിൽ കഴിഞ്ഞ വർഷം വരെ രണ്ടു ഷിഫ്റ്റായി 1500 തൊഴിലാളികൾ ഉണ്ടായിരുന്നു.
മരക്കൂട്ടത്തും ശരംകുത്തിയിലും തീർത്ഥാടകരെ വിശ്രമിക്കാൻ അനുവദിക്കാത്തതിനാൽ വ്യാപാരികൾ പ്രതിസന്ധിയിലായി. പതിനഞ്ച് ടീ സ്റ്റാളുകളും രണ്ട് ഹോട്ടലുകളും പൊരിക്കടകളുമാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. തീർത്ഥാടകർ കുറയുമെന്ന ആശങ്കയിൽ കടകൾ തുടങ്ങിയില്ല. ചരൽമേട്ടിലും ഇതാണ് സ്ഥിതി.
ചുമുട്ടുകാർക്ക് പണിയില്ല
ഇടുക്കി സ്വദേശി സുകുമാരൻ മൂന്നു വർഷമായി പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ചുമട് എടുക്കുന്നു. കഴിഞ്ഞ സീസണിൽ ദിവസം പതിന്നാല് ചുമട് ലഭിക്കുമായിരുന്നു. ഇന്നലെ കിട്ടിയത് നാല് എണ്ണമാണ്.
ഡോളിക്കും ട്രാക്ടറിനും വിശ്രമം
അടിമാലി രാജൻ 31 വർഷമായി പമ്പയിൽ നിന്ന് ഡോളിയും സാധനങ്ങളും ചുമക്കുന്നു. വൃശ്ചികം ഒന്നിനു ലഭിച്ചത് നാല് ഡോളി സർവീസ്. ഇന്നലെ ഒന്നും ലഭിച്ചില്ല. ട്രാക്ടർ സർവീസ് ദേവസ്വം ഒാഫീസുകളിലേക്കും ഫ്രൂട്ട്സ് കടകളിലേക്കും മാത്രമായി ചുരുങ്ങി.
പ്രദേശവാസികൾക്കും തിരിച്ചടി
വാഹനങ്ങൾ നിലയ്ക്കലിൽ നിയന്ത്രിച്ചത് പമ്പ വരെയുളള പാതയോരങ്ങളിലെ പ്രദേശവാസികളുടെ കച്ചവടം ഇല്ലാതാക്കി. തീർത്ഥാടകർ ഹോട്ടലുകൾക്കും ജ്യൂസ് കടകൾക്കും മുന്നിൽ വാഹനങ്ങൾ നിറുത്തി ഭക്ഷണം കഴിക്കുമായിരുന്നു. ഇത്തവണ നിലയ്ക്കിലിൽ നിന്ന് കെ.എസ്. ആർ.ടി.സി ബസുകളിൽ തീർത്ഥാടകരെ പമ്പയിലെത്തിക്കുന്നതിനാൽ ഈ കടകൾ തുറന്നില്ല. നിലയ്‌ക്കലിൽ ദേവസ്വം സ്ഥലം കരാറെടുത്ത് കട നടത്തുന്നവർക്ക് മാത്രമാണ് അനുമതി.