ശബരിമല:പത്താൾ കൂടിയാൽ അവിടെ നിന്ന് പറഞ്ഞുവിടുക, എവിടെത്തിരിഞ്ഞാലും വേലിക്കെട്ടുകൾ...പൊലീസ് നിയന്ത്രണം കർശനമാകുമ്പോൾ വഴിപാടുകൾ നടത്താനോ അയ്യനെ ഒന്നു കാണാനോപോലും ആകാതെ തീർത്ഥാടകർ വീർപ്പുമുട്ടുകയാണ്.
സന്നിധാനത്തെ വാവര് നട പൊലീസ് ബാരിക്കേഡിൽ അകപ്പെട്ടതോടെ ഇവിടെ ദർശനം നടത്തി പ്രസാദം വാങ്ങാനാകുന്നില്ല. മലകയറി തളർന്നെത്തുന്ന തീർത്ഥാടകർ പ്രധാനമായും വിശ്രമിച്ചുവന്നത് വാവര് നടയുടെ മുറ്റത്താണ്. പടർന്ന് പന്തലിച്ചു നിൽക്കുന്ന നാല് മരങ്ങളുടെ ശീതളിമയിൽ വിശ്രമിക്കുന്നത് ആശ്വാസമേകും. പതിനെട്ടാം പടിയുടെ മുന്നിലുള്ള സ്ഥലമായതിനാൽ വിശ്രമിക്കാൻ തിരഞ്ഞെടുക്കുന്ന പ്രധാന ഇടമായിരുന്നു ഇവിടം. അതിനാൽ ദേവസ്വം ബോർഡ് മാർബിൾ പാകി വൃത്തിയാക്കിയിരുന്നു. ഇൗ ഭാഗമാണ് ബാരിക്കേഡുകൾ വച്ച് വേർതിരിച്ചത്. മൂവായിരത്തിലധികം തീർത്ഥാടർക്ക് വിരിവയ്ക്കാൻ സൗകര്യമുള്ള വലിയ നടപ്പന്തലും വടംകെട്ടി തിരിച്ച് പൊലീസ് വലയത്തിലാക്കി. തീർത്ഥാടകർ ഇവിടെ വിരിവയ്ക്കാതിരിക്കാൻ വെള്ളമൊഴിച്ച് നനച്ചിടുകയാണ്. ഇതോടെ തുറസായ ഇടങ്ങളിലും പൊരിവെയിലത്തും വിശ്രമിക്കേണ്ട ഗതികേടിലാണ് പലരും. ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരത്തിൽ കാണിക്കയിടാൻ കഴിയാത്തവർക്കായുള്ള മഹാകാണിക്കയും പൂർണമായും വേലിക്കെട്ടിനുള്ളിലാക്കി പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. തന്ത്രിയെയും മേൽശാന്തിയെയും കണ്ട് അനുഗ്രഹവും പ്രസാദവും വാങ്ങാനും അനുവദിക്കുന്നില്ല.അവരുടെ മുറികളുടെ ഭാഗത്തേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്.
വേലിക്കെട്ടുകാരണം അരവണ, അപ്പം പ്രസാദങ്ങൾ വാങ്ങാനും ബുദ്ധിമുട്ടാണ്. ആഴിയിൽ നെയ്ത്തേങ്ങ നിക്ഷേപിക്കുന്നതും ദർശനം പൂർത്തിയാക്കി മടങ്ങുന്നവർ പതിനെട്ടാംപടിക്ക് സമീപം നാളീകേരമുടയ്ക്കുന്നതും വിലക്കി.
വിലക്കുകൾക്ക് മുന്നിൽ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് അയൽ സംസ്ഥാനങ്ങളിലെ തീർത്ഥാടകർ. ഭാഷയാണ് പ്രധാന പ്രശ്നം. ലാത്തിയും ഷീൽഡുമായി നിൽക്കുന്ന പൊലീസുകാരോട് കാര്യങ്ങൾ ചോദിക്കാനും അവർക്ക് ഭയമാണ്. മുൻവർഷങ്ങളിലെപ്പോലെ സഹായത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പൊലീസുകാരും ഇല്ല. തീർത്ഥാടനം പൂർണതയിലെത്തിക്കാൻ കഴിയാത്ത മനോവിഷമത്തോടെയാണ് പലരുടെയും മലയിറക്കം.