ശബരിമല : പൊലീസിന്റെ നിയന്ത്രണങ്ങൾ കാരണം സന്നിധാനം കാലിയായി. കൂട്ടംകൂടിയുള്ള ശരണംവിളികളും കർപ്പൂരാരതിയും ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ഇരുമുടിക്കെട്ടുകൾ പൂജിച്ച് നെയ്ത്തേങ്ങ പൊട്ടിക്കുന്നതും ഉൾപ്പെടെയുള്ളപതിവ് കാഴ്ചകളൊന്നും ഇത്തവണ ഇല്ല. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന് അനുസരിച്ച് തീർത്ഥാടകർ ഒഴിയുകയാണ്. ഉച്ചയ്‌ക്ക് 11.30 മുതൽ 2 വരെ തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് അയയ്ക്കുന്നത് പൊലീസ് വീണ്ടും നിയന്ത്രിച്ചു. രാത്രി 8.30 ന് ശേഷം നിലയ്ക്കൽ നിന്ന് പമ്പയിലേക്കുള്ള സർവ്വീസുകൾ നിറുത്തിയതിന് പിന്നാലെയാണിത്.
തിരക്ക് കാരണം കഴിഞ്ഞ സീസൺ മുതൽ നടതുറക്കുന്നത് പുലർച്ചെയും വൈകിട്ടും നാലിന് എന്നത് ഒരു മണിക്കൂർ നേരത്തെയാക്കിയിരുന്നു. ഇന്നലെ പുലർച്ചെയും വൈകിട്ടും നടതുറന്നപ്പോൾ സന്നിധാനം ശൂന്യമായിരുന്നു. മൂന്നും നാലും വരികളിലായി തീർത്ഥാടകർ തിങ്ങി നിറഞ്ഞിരുന്ന നടപ്പന്തലിൽ ആരുമില്ലാത്ത അവസ്ഥയാണ്. ദർശനം നടത്തുന്നവരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിനാൽ നെയ്യഭിഷേകം നടത്താതെയാണ് പലരുടെയും മടക്കം.