പമ്പ: ശബരിമല ഡ്യൂട്ടിക്ക് പമ്പ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തിയ ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും കിടക്കാനിടവും കഴിക്കാൻ ഭക്ഷണവുമില്ല. പരമാവധി അറുപത് പേരെ ഉൾക്കൊള്ളാൻ കഴിയുന്ന മുറിയിൽ ഇരുനൂറ് പേരാണ് തങ്ങുന്നത്. നിന്നു തിരിയാനോ ശ്വാസം വിടാനോ കഴിയാതെ ട്രെയിനിലെപ്പോലെ ബർത്തുകൾ. ഒന്നിനു മുകളിൽ ഒന്നായി മൂന്ന് കിടക്കകൾ. പലരും പുറത്തെ വരാന്തയിലാണ് ഉറക്കം. ബാഗും പണവും സൂക്ഷിക്കാനിടമില്ല. പമ്പ - നിലയ്ക്കൽ സർവീസിനായി ബസ് കൊണ്ടുവന്ന കാസർകോടു മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ജീവനക്കാരാണ് ബുദ്ധിമുട്ടുന്നത്. സർവീസിന് ഇ- ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തിയതിനാൽ കണ്ടക്ടർമാരുടെ ആവശ്യമില്ല. ഒരു ബസിന് രണ്ടു ഡ്രൈവർമാരും ഒരു കണ്ടക്ടറുമാണ് എത്തിയത്. കണ്ടക്ടർമാരെ തിരിച്ചു പോകാൻ അനുവദിച്ചില്ല. കഴിഞ്ഞ 13ന് ഡിപ്പോയിലെത്തിയതാണ് പലരും. തീർത്ഥാടകർ കുറവായതിനാൽ ബസുകൾ പകുതിയിലധികവും സർവീസ് നടത്താതെ ഡിപ്പോയിലിട്ടിരിക്കുകയാണ്. ഡ്രൈവർമാർ പമ്പയിൽ തങ്ങുന്നതിനാൽ അവർക്ക് കിടക്കാനും ഭക്ഷണത്തിനും സൗകര്യമൊരുക്കിയില്ല. ഒരു കിലോമീറ്റർ അകലെയുള്ള ത്രിവേണിയിലെ ഹോട്ടലിൽ പണം കാെടുത്തുവേണം ഭക്ഷണം കഴിക്കാൻ. എം.പാനൽ ജീവനക്കാർ അടക്കമാണ് ജോലിയില്ലാതെ ഡിപ്പോയിൽ തങ്ങുന്നത്. ഇവർക്ക് നൈറ്റ് അലവൻസില്ല.
കഴിഞ്ഞ ദിവസം ഡിപ്പോയിലെത്തിയ കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി ജോലിയില്ലാത്ത ജീവനക്കാരെ അതത് ഡിപ്പോയിലേക്ക് തിരിച്ചയയ്ക്കണമെന്ന് നിർദ്ദേശിച്ചിട്ടും നടപടിയുണ്ടായില്ല.