പമ്പ: കഴിഞ്ഞ ദിവസം സന്നിധാനത്തേക്കുളള യാത്രയ്ക്കിടെ മരക്കൂട്ടത്ത് നിന്ന് അറസ്റ്റിലായ ഹിന്ദു െഎക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ഇന്ന് രാവിലെ ആറ് മണിയോടെ സന്നിധാനത്ത് എത്തും. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം രാവിലെ ഒൻപതുമണിയോടെ പമ്പയിലും പിന്നീട് സന്നിധാനത്തും എത്തും. ശബരിമല വിഷയം ബി.ജെ.പി കേന്ദ്ര നേതൃത്വം ഏറ്റെടുത്തതിനെ തുടർന്നാണ് കണ്ണന്താനത്തിന്റെ വരവ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ കേന്ദ്ര നേതാക്കളെത്തുമെന്ന് ബി. ജെ.പി നേതൃത്വം അറിയിച്ചു.
കെ. പി. ശശികലയുടെ കൊച്ചുമകന്റെ ചോറൂണ് ഇന്ന് സന്നിധാനത്ത് നടത്തും. ഇതിനായി ബന്ധുക്കൾക്കൊപ്പമാണ് ശശികല ശബരിമലയിൽ എത്തുന്നത്. വെളളിയാഴ്ച രാത്രി എട്ടുമണിയോടെ ഇരുമുടിക്കെട്ടുമായി മരക്കൂട്ടത്ത് അറസ്റ്റിലായ ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം തിരുവല്ല കോടതിയിൽ ഹാജരാക്കിയിരുന്നു. അറസ്റ്റ് ചെയ്ത സ്ഥലത്ത് തന്നെ കൊണ്ടുവിടണമെന്ന് ശശികല ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച വൈകിട്ട് റാന്നി പെരുനാട് കൂനംകര ബാലാശ്രമത്തിലെത്തിയ ശശികല ഇന്നലെ എരുമേലിയിലേക്ക് പോയി. ഇന്ന് അവിടെ നിന്നാണ് ശബരിമലയിലെത്തുന്നത്.
>>>>
കോൺ. നേതാക്കളെ പരിശോധനയില്ലാതെ കടത്തിവിട്ടു
നിലയ്ക്കൽ: ഇരുമുടിക്കെട്ടുമായി ദർശനത്തിന് എത്തിയ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ അടക്കമുളള ബി.ജെ.പി നേതാക്കളെ നിലയ്ക്കലിൽ തടഞ്ഞ് അറസ്റ്റ് ചെയ്തപ്പോൾ കെ. പി. സി. സി സംഘത്തിന്റെ വാഹനങ്ങൾ പരിശോധന പോലുമില്ലാതെ പൊലീസ് കടത്തിവിട്ടു. എം. എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, വി. എസ്. ശിവകുമാർ എന്നിവരുടെ വാഹനങ്ങൾക്കൊപ്പം ഡി. സി. സി പ്രസിഡന്റ് ബാബു ജോർജിന്റെ കാറും നിലയ്ക്കലിൽ പരിശോധനയില്ലാതെ കടത്തിവിട്ടു. ശബരിമലയിലേക്ക് വരുന്ന വാഹനങ്ങൾ അതത് പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് എടുക്കണമെന്നും വാഹനത്തിലുളളവർ തിരിച്ചറിയൽ കാർഡ് കരുതണമെന്നുമാണ് പൊലീസ് നിർദേശിച്ചിട്ടുളളത്. ഡി.സി.സി പ്രസിഡന്റിന്റെ കാറിൽ അദ്ദേഹത്തോടൊപ്പം അഞ്ചു നേതാക്കളുണ്ടായിരുന്നു. ഇവരെ പരിശോധിക്കാതെ നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ സന്ദർശിക്കാൻ അനുവദിച്ചു. പമ്പയിൽ പാർക്കിംഗിനും പൊലീസ് സൗകര്യമൊരുക്കിക്കൊടുത്തു.