sabarimala

പമ്പ: ശബരിമലയിൽ പൊലീസിന്റെ കടുത്ത നിയന്ത്രണം മൂലം പ്രതിസന്ധിയിലായ വ്യാപാരികൾ കച്ചവടത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ച് ദേവസ്വം ബോർഡിനു കത്തു നൽകി. പമ്പയിലെ പന്ത്രണ്ടും സന്നിധാനത്തെ ആറും കച്ചവടക്കാരാണ് ലക്ഷങ്ങളുടെ നഷ്ടം സഹിച്ച് തുടരാനാവില്ലെന്ന് ബോർഡിനെ അറിയിച്ചത്. നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനും നിവേദനം നൽകി. മൂന്നു ദിവസമായിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് വ്യാപാരികൾ ഉത്പന്നങ്ങൾ സ്റ്റോക്ക് ചെയ്യുന്നത് നിറുത്തി. ഹോട്ടലുകളും മറ്റു കടകളും പ്രവർത്തിക്കാതിരുന്നാൽ തീർത്ഥാടകർ ഭക്ഷണം കിട്ടതെ വലയും.

സന്നിധാനത്ത് ദർശനം നടത്തിയവരെ അധികസമയം തങ്ങാനോ വിശ്രമിക്കാനോ പൊലീസ് അനുവദിക്കുന്നില്ല. ഇതുകാരണം നട തുറന്ന് നാലു ദിവസം പിന്നിട്ടിട്ടും കച്ചവടം തുടങ്ങാനായില്ല. ഒന്നരക്കോടിക്കു മുകളിൽ ലേലം കൊണ്ട നാല് കടകൾ സന്നിധാനത്തുണ്ട്.

പമ്പയിൽ ഒരു ലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ ലേലം കൊണ്ട പന്ത്രണ്ട് കടകളുണ്ട്. മുൻ വർഷങ്ങളിൽ കരാറെടുത്തവർ തന്നെയാണ് ഇത്തവണ പ്രളയത്തിനു മുൻപേ കടകൾ ലേലത്തിൽ പിടിച്ചത്. പ്രളയത്തിൽ മണലും ചെളിയും അടിഞ്ഞത് നീക്കം ചെയ്യാൻ അൻപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ ചെലവായെന്ന് വർഷങ്ങളായി വ്യാപാരം നടത്തുന്ന നൂറനാട് സ്വദേശി ഷൈജു പറഞ്ഞു. രണ്ടു കടകളുള്ള ഇദ്ദേഹത്തിന്റെ ഒരു കടയും സാധനങ്ങളും പ്രളയത്തിൽ ഒഴുകിപ്പോയി. അഞ്ച് ലക്ഷത്തിലേറെയാണ് നഷ്ടം. ലേലത്തുകയുടെ അൻപതു ശതമാനം വ്യാപാരികൾ ദേവസ്വം ബോർഡിൽ അടച്ചിട്ടുണ്ട്. അടുത്ത വിഹിതം നവംബർ 30ന് മുൻപ് അടയ്ക്കണമെന്നാണ് ബോർഡിന്റെ നിർദ്ദേശം. കച്ചവടം നടക്കുന്നില്ലെങ്കിൽ തുക അടയ്ക്കില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. പ്രളയത്തെ തുടർന്ന് ലേലത്തുകയിൽ ദേവസ്വം ബോർഡ് 30 ശതമാനം കുറവ് വരുത്തിയിരുന്നു.

പൊലീസ് നിയന്ത്രണം കാരണം കടകളിലും മറ്റും ജോലിക്കു നിൽക്കുന്ന ആയിരങ്ങൾക്ക് തൊഴിൽ നഷ്ടമായെന്ന് കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

പൊലീസ് നിയന്ത്രണം ഇങ്ങനെ

സന്നിധാനത്ത് തങ്ങാൻ ഭക്തരെ അനുവദിക്കുന്നില്ല. പമ്പയിലേക്ക് തിരിച്ചയയ്ക്കുന്നു.

വാഹന പാസും പൊലീസ് നിയന്ത്രണവും കാരണം മലയാളികളായ ഭക്തരുടെ വരവ് വൻതോതിൽ കുറഞ്ഞു.

 മലയിറങ്ങുന്ന തീർത്ഥാടകരെ ഗണപതി ക്ഷേത്രത്തിനു താഴെ താത്കാലിക നടപ്പന്തലിലൂടെ പോകാൻ അനുവദിക്കുന്നില്ല.

താത്കാലിക നടപ്പന്തലിനോടു ചേർന്നും കുളിക്കട‌വിന് അഭിമുഖവുമായാണ് പമ്പയിലെ കടകൾ.

വ്യാപാരികളുടെ ആവശ്യം

മലയിറങ്ങുന്ന തീർത്ഥാടകരെ താത്കാലിക നടപ്പന്തലിലൂടെ പോകാൻ അനുവദിക്കുക.

സർവീസ് റോഡിലൂടെ ട്രാക്ടറുകളും വാഹനങ്ങളും മാത്രം വിടുക.

 പൊലീസ് നിയന്ത്രണം തുടരാനാണ് തീരുമാനമെങ്കിൽ ലേലത്തുകയായി അടച്ച ആദ്യഘട്ട തുക മടക്കി നൽകുക.

'' നിയന്ത്രണങ്ങളിൽ അയവു വരുത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ പാളാതെ അവർ യുക്തമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കും.

എൻ. വാസു, ദേവസ്വം കമ്മിഷണർ.