പമ്പ: വൃശ്ചികം ഒന്നിന് പുലർച്ചെ ശബരിമലയിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ അറസ്റ്റിലായ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ഇന്നലെ വീണ്ടും ശബരിമലയിലെത്തി. നിലയ്ക്കലിൽ പൊലീസ് ആദ്യം തടഞ്ഞെങ്കിലും നിർദ്ദേശങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പിൽ ശശികലയെ സന്നിധാനത്തേക്കു കടത്തിവിട്ടു. പേരക്കുട്ടികളായ മാധവിന്റെയും മഹാദേവന്റെയും ചോറൂണിനാണ് ശശികല ഇത്തവണ ബന്ധുക്കൾക്കൊപ്പമെത്തിയത്. ശശികലയുടെ മകൻ വിജേഷിന്റെ മക്കളാണ് കുട്ടികൾ. എരുമേലിയിൽ നിന്ന് ഇരുമുടിക്കെട്ടേന്തി ഇന്നലെ രാവിലെ 7.15ന് നിലയ്ക്കലിൽ എത്തിയ ശശികലയ്ക്ക് മുന്നോട്ടുപോകണമെങ്കിൽ നിബന്ധനയിൽ ഒപ്പുവയ്ക്കണമെന്ന് ആവശ്യവുമായി എസ്.പി യതീഷ് ചന്ദ്രയെത്തി. അരമണിക്കൂറിലേറെ കഴിഞ്ഞ് അഭിഭാഷകരുമായും നേതാക്കളുമായും സംസാരിച്ച ശേഷം നിബന്ധനയിൽ ഒപ്പു വയ്ക്കുകയായിരുന്നു.
നിലയ്ക്കലിൽ നടന്നത്
ഇരുമുടിക്കെട്ട് തോളിലിട്ട് കൊച്ചുമക്കളിൽ ഒന്നിനെ മടിയിൽ വച്ച് കെ.പി. ശശികല ബന്ധുക്കൾക്കൊപ്പം കെ.എസ്. ആർ.ടി.സി ബസിൽ. ഒപ്പം മക്കളും ബന്ധുക്കളുമായി പത്തോളംപേർ. എസ്.പി യതീഷ് ചന്ദ്ര ബസിനുള്ളിൽ കയറി. ശബരിമലയിലേക്കു പോകണമെങ്കിൽ നിബന്ധനയിൽ ഒപ്പുവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ശശികലയും എസ്.പിയും തമ്മിൽ വാക്കു തർക്കം.
എസ്.പി: ഉച്ചയ്ക്ക് നട അടയ്ക്കുന്നതിനു മുൻപ് താഴെയിറങ്ങണം. അവിടെ തിരക്കാണ്. നിങ്ങൾക്ക് രാഷ്ട്രീയ ആവശ്യത്തിനുള്ള സ്ഥലമല്ലത്.
ശശികല: നിങ്ങളെന്തിനാണ് ഷൗട്ട് ചെയ്യുന്നത് സാർ, ഞാൻ അവിടെ പോകുന്നത് കുടുംബപരമായ ആവശ്യത്തിനാണ്. മാദ്ധ്യമങ്ങളോടുപോലും ഞാൻ മിണ്ടിയിട്ടില്ല.
എസ്.പി: ആയിക്കോട്ടെ, നട അടയ്ക്കുമ്പോൾ അവിടെ നിങ്ങൾ നിൽക്കരുത്.(അവർ ഒരു സ്ത്രീയാണെന്ന് പിന്നിൽ നിന്ന് ബന്ധുക്കൾ) അവർ സംസാരിക്കേണ്ടെന്ന് പറഞ്ഞ് എസ്.പി ചൂടായി. ആറുമണിക്കൂറിനുള്ളിൽ നിങ്ങൾ മലയിറങ്ങണം.
ശശികല: അതെങ്ങനെ നടക്കും, ഞങ്ങൾ വന്നത് ചോറൂണിനാണ്. ഞങ്ങൾക്ക് അവിടെയിരിക്കേണ്ടെ.
എസ്.പി: അങ്ങനെയൊന്നും പറയേണ്ട. ഇൗ പേപ്പറിൽ ഒപ്പിടണം.ആറ് മണിക്കൂറിനുള്ളിൽ മലയിറങ്ങണം, സന്നിധാനത്ത് കൂട്ടംകൂടി നിന്ന് നാമജപമോ മറ്റ് പ്രതിഷേധമോ പാടില്ല, മാദ്ധ്യമങ്ങളോട് സംസാരിക്കരുത് എന്നിവയായിരുന്നു നിബന്ധനകൾ.
(ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ശശികല പറഞ്ഞു. എങ്കിൽ ശബരിമലയിലേക്കു പോകാൻ പറ്റില്ലെന്നായി എസ്.പി. ശശികല അഭിഭാഷകരുമായും ഹിന്ദുഐക്യവേദി നേതാക്കളുമായും ഫോണിൽ സംസാരിച്ചു. ഒടുവിൽ നിബന്ധനകൾ അംഗീകരിച്ച് ഒപ്പുവച്ചു). കുട്ടികൾ കൂടെയുള്ളതുകൊണ്ടാണു വിട്ടുവീഴ്ചയ്ക്കു തയ്യാറായതെന്നും ശശികല പറഞ്ഞു
ബസ് ഒമ്പതു മണിയോടെ പമ്പയിലെത്തി. ലഘുഭക്ഷണത്തിനു ശേഷം ശരണം വിളിച്ച് ക്ഷേത്രങ്ങളിൽ തൊഴുത് മല കയറി. കുട്ടികളുടെ ചോറൂണ് സന്നിധാനത്ത് കഴിഞ്ഞപ്പോഴേക്കും ഒരു മണിയായി. രണ്ടു മണി കഴിഞ്ഞ് ശശികല മലയിറങ്ങി. ആറേകാലിന് നിലയ്ക്കലിൽ തിരിച്ചെത്തി. എരുമേലിയിലേക്ക് മടങ്ങി.