ശബരിമല / പത്തനംതിട്ട : സന്നിധാനത്തെ വലിയ നടപ്പന്തലിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിന് ഞായറാഴ്ച അർദ്ധരാത്രി അറസ്റ്റിലായ 70 പേരിൽ 69 പേരെ പത്തനംതിട്ട മുൻസിഫ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒഴിവാക്കി. റിമാൻഡ് ചെയ്തവരെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. കണ്ടാലറിയാവുന്ന ഇരുനൂറോളം പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു.
നിരോധനാജ്ഞ നിലനിൽക്കെ ആയുധവുമായി സംഘം ചേർന്ന് പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. അന്യായമായി സംഘം ചേർന്നതിനും കേസുണ്ട്. 143, 144, 147, 149 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പരാതി എഴുതിക്കൊടുക്കാൻ പ്രതികൾക്ക് കോടതി അവസരം നൽകിയപ്പോൾ, ശരണം വിളിച്ച് നാമജപം നടത്തിയെന്നും പൊലീസുകാരിൽ നിന്ന് ദുരനുഭവങ്ങൾ നേരിട്ടെന്നും എഴുതി നൽകി. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
അറസ്റ്റിലായവരെ ആദ്യം മണിയാർ എം.ആർ ക്യാമ്പിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്നലെ വൈകിട്ട് 3നാണ് കോടതിയിൽ കൊണ്ടുവന്നത്. പൊലീസ് വാഹനം റോഡിൽ നിറുത്തിയശേഷം മിനി സിവിൽ സ്റ്റേഷന്റെ കിഴക്ക് വശത്തെ ഗേറ്റ് വഴി ഓരോ സംഘമായാണ് കോടതിയിലേക്ക് കയറ്റിയത്. ഇരുവശവും പൊലീസ് വലയം തീർത്തിരുന്നു. വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ നാമജപവുമായി ഭക്തർ പ്രതിഷേധിച്ചു. നടപടിക്രമങ്ങൾ പൂർത്തിയായി മുഴുവൻ പേരെയും ജയിലിലേക്ക് കൊണ്ടുപോയപ്പോഴാണ് പ്രതിഷേധക്കാർ പിരിഞ്ഞത്. ഇതുവഴിയുള്ള ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, ഐ.ടി.ഡി.സി ഡയറക്ടർ കെ. പത്മകുമാർ, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് അശോകൻ കുളനട എന്നിവരും കോടതിയിൽ എത്തിയിരുന്നു.