ശബരിമല : പൊലീസിന്റെ കർശന നിയന്ത്രണങ്ങളും ഞായറാഴ്ച രാത്രി സന്നിധാനത്തുണ്ടായ അനിഷ്ട സംഭവങ്ങളും കാരണം ഇന്നലെ പുലർച്ചെ നട തുറന്നപ്പോൾ പതിനെട്ടാം പടി ചവിട്ടാൻ അൻപതിൽ താഴെ ഭക്തർ മാത്രമാണുണ്ടായിരുന്നത്. മണ്ഡലകാല ചരിത്രത്തിൽ ഇത്രയും തിരക്കൊഴിഞ്ഞ ദിനമുണ്ടായിട്ടില്ല.
ഞായറാഴ്ച രാത്രി എട്ട് മണിക്ക് ശേഷം പമ്പയിൽ എത്തിയ തീർത്ഥാടകരായിരുന്നു ഇത്. ഇവരെ ഒന്നരയോടെയാണ് മല ചവിട്ടാൻ അനുവദിച്ചത്. ഇവർ ദർശനം നടത്തി മടങ്ങിയതോടെ നടപ്പന്തലും താഴെ തിരുമുറ്റവും സോപാനവും ശൂന്യമായി. നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് ബസ് സർവീസ് ഇന്നലെ പുലർച്ചെ മൂന്നിന് മാത്രമാണ് തുടങ്ങിയത്. ഭക്തർ പമ്പാസ്നാനം കഴിഞ്ഞ് മലചവിട്ടി തിരുസന്നിധിയിൽ എത്തിയപ്പോൾ ഏഴ് മണിയോളമായി. ഇൗ സമയമത്രയും സന്നിധാനം ഏറക്കുറെ ഒഴിഞ്ഞുകിടന്നു.
മുൻ വർഷങ്ങളിൽ വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തി വരെ തീർത്ഥാടകനിര നീണ്ട സ്ഥാനത്താണ് ഇപ്പോഴത്തെ അവസ്ഥ.
നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് ബസ് വിടുന്നതിന് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ശബരിമലയിൽ യഥാസമയം വന്നുമടങ്ങാൻ തീർത്ഥാടകർക്ക് വിലങ്ങുതടിയാവുന്നത്. ഇത് ശബരിമലയുടെയും കെ.എസ്.ആർ.ടി.സിയുടെയും വരുമാനത്തെ കാര്യമായി ബാധിക്കും. ഞായറാഴ്ച രാത്രി വിവിധ ഡിപ്പോകളിൽ നിന്നു വന്ന ദീർഘദൂര സർവീസുകളും നിലയ്ക്കലിൽ തടഞ്ഞിട്ടതോടെ മണിക്കൂറുകളോളം തീർത്ഥാടകർ വനത്തിൽ കുടുങ്ങി.