പമ്പ: ആളും ആരവുമില്ലാതെ പമ്പയിലെത്തിയ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ കണ്ണിലുടക്കിയത് അടിസ്ഥാനസൗകര്യങ്ങളില്ലാതെ ഭക്തർ വലയുന്ന ദയനീയ കാഴ്ചകൾ. ആദ്യം പരിശോധിച്ചത് മണൽപ്പുറത്തെ ശൗചാലയങ്ങൾ. മൂക്കുപൊത്തിയാണ് അദ്ദേഹം പുറത്തേക്കിറങ്ങിയത്. ശൗചാലയങ്ങൾ രണ്ടിലും ചെളിയും മനുഷ്യവിസർജ്ജ്യവും കുമിഞ്ഞുകൂടി കിടക്കുന്നു.'എന്താണിങ്ങനെയെന്ന്' ദേവസ്വം എക്സിക്യൂട്ടീവ് എൻജിനീയറോട് ചോദിച്ചു. 'ശുചിയാക്കുന്നയാൾ ഭക്ഷണം കഴിക്കാൻ പോയെന്നായിരുന്നു' മറുപടി. കണ്ണന്താനം വാച്ചിൽ നോക്കി. സമയം പത്തര. 'ഇപ്പോൾ ഭക്ഷണത്തിനുപോയോ' എന്ന മറുചോദ്യത്തിന് ഉത്തരമില്ലായിരുന്നു. ശൗചാലയങ്ങൾ പെട്ടെന്ന് വൃത്തിയാക്കാൻ മന്ത്രി നിർദ്ദേശിച്ചു.
പമ്പയിൽ ഭക്തരനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിട്ട് മനസിലാക്കാനെത്തിയ കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും സർക്കാർ ഉദ്യോഗസ്ഥരോ ദേവസ്വം ബോർഡ് പ്രതിനിധികളോ ഉണ്ടായിരുന്നില്ല.
പമ്പ സർക്കാർ ആശുപത്രിയിലെത്തിയ കണ്ണന്താനം കണ്ടത് ആശുപത്രി കവാടത്തിൽ പനിബാധിച്ച് തളർന്നുകിടക്കുന്ന വൃദ്ധ ഭക്തയെയാണ്. പിടിച്ച് എഴുന്നേൽപ്പിച്ചപ്പോൾ 'ദാഹിക്കുന്നു' എന്നു പറഞ്ഞു. അടുത്തിരുന്നു വെള്ളം കൊടുത്തു. 'ഈ സ്ത്രീ ഇങ്ങനെ കിടക്കുന്നത് ആരും കണ്ടില്ലേയെന്ന്' ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല.
തമിഴ്നാട് ട്രിച്ചി സ്വദേശി ചന്ദ്രയായിരുന്നു (55) അത്.
ഡോക്ടറെ വിളിച്ചുവരുത്തി ചന്ദ്രയെ സ്ട്രക്ചറിലേറ്റി ആശുപത്രിയിലാക്കി. പനിബാധിച്ച ചന്ദ്രയെ ആശുപത്രികവാടത്തിലിരുത്തി ബന്ധുക്കൾ മല കയറുകയായിരുന്നു.
ബി.ഡി.ജെ.എസ് സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ. പത്മകുമാർ, ബി.ജെ.പി ജില്ലാ ജനറൽസെക്രട്ടറി ഷാജി ആർ. നായർ എന്നിവക്കൊപ്പമെത്തിയ കണ്ണന്താനം പമ്പയിലെ ക്ഷേത്രങ്ങളിലും സന്നിധാനത്തും ദർശനം നടത്തിയാണ് മടങ്ങിയത്.
പ്രളയത്തിന് ശേഷം പമ്പയിൽ വന്നിരുന്നു. പുനർനിർമ്മാണത്തിന് കേന്ദ്രസർക്കാർ 100കോടി നൽകിയിരുന്നു. ഒന്നും നടന്നില്ല. ചോദിക്കാൻ ഉത്തരവാദിത്വപ്പെട്ട ആരെയും കണ്ടില്ല. സന്നിധാനത്ത് നിന്ന് ഭക്തരെ ഇറക്കി വിടുന്നത് അംഗീകരിക്കാനാവില്ല. സ്റ്റാലിനിന്റെ കാലത്തു പോലും നടക്കാത്തതാണ് സംഭവിച്ചത്. ഇത് ചൈനയും റഷ്യയും അല്ലെന്ന് എല്ലാവരും മനസിലാക്കണം. ശബരിമലയിൽ എന്തിനാണ് 15,000 പൊലീസ്. ക്രമസമാധാന വിഷയം സംസ്ഥാനത്തിന്റേതാണ്.
- കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം