sasikala
സന്നിധാനത്ത് എത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികല സോപാനത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം ദർശനം നടത്തുന്നു ഫോട്ടോ: അജയ് മധു

ശബരിമല : പ്രാർത്ഥനാസാഫല്യമെന്നോണം നീണ്ട പതിനൊന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച മകന്റെ ഇരട്ടക്കുട്ടികൾ ക്ക് ചോറൂണ് നടത്താനാണ് ശശികല ഇന്നലെ ശബരിമലയിലെത്തിയത്.12 മണിയോടെ ബന്ധുക്കൾക്കൊപ്പം പതിനെട്ടാംപടി കയറിയെത്തിയ ശശികലയെ കൊടിമരച്ചുവട്ടിൽ നിന്നു നേരെ ശ്രീകോവിലിലേക്ക് പ്രവേശിക്കുന്നതിന് പൊലീസ് വഴിയൊരുക്കിയെങ്കിലും സ്നേഹപൂർവം നിരസിച്ചു.

ചോറൂണ് നടത്തിയശേഷം പേരക്കുട്ടികളുടെ സ്നേഹനിധിയായ മുത്തശ്ശിയായി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഒരുക്കിയ വഴിയിലൂടെ സോപാന പടിയിലെത്തി തൊഴുത് പ്രസാദം സ്വീകരിച്ചു. തന്ത്രിയെയും മേൽശാന്തിയെയും കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മാളികപ്പുറത്തമ്മയെയും വണങ്ങി. ഹയർ സെക്കൻഡറി അദ്ധ്യാപകനായ മകൻ വിനീഷിന്റെ മക്കളാണ് ഇരട്ടകളായ മാധവും മഹാദേവും. 16ന് ഇരുമുടിക്കെട്ടുമായി മരക്കൂട്ടത്ത് എത്തിയ ശശികലയെ പൊലീസ് തടയുകയും മണിക്കൂറുകൾക്ക് ശേഷം അറസ്റ്റ് ചെയ്ത് റാന്നി കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. അന്ന് കെട്ടിയ ഇരുമുടിക്കെട്ടുമായാണ് ശശികല ഇന്നലെയെത്തിയത്.