പമ്പ: യു.ഡി.എഫ് നേതാക്കൾ ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രിമാരായ പി.ജെ. ജോസഫ്, എം.കെ. മുനീർ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ആന്റോ ആന്റണി, നേതാക്കളായ ബെന്നി ബഹനാൻ, സി.പി. ജോൺ, ജോസഫ് എം. പുതുശേരി, ജോണി നെല്ലൂർ തുടങ്ങിയവരും നൂറോളം നേതാക്കളുമാണ് നിലയ്ക്കലിലും പമ്പയിലും നിരോധനാജ്ഞ ലംഘിച്ചത്.
തീർത്ഥാടന ചരിത്രത്തിലാദ്യമായി നിലയ്ക്കലിലും പമ്പയിലും മുദ്രാവാക്യം വിളിയുമുണ്ടായി. 'യു.ഡി.എഫ് സിന്ദാബാദ്, കരിനിയമം പിൻവലിക്കുക, ഇതെന്തു ന്യായം ഇതെന്തു നീതി, പറയൂ പറയൂ പിണറായി...' എന്നീ മുദ്രാവാക്യം വിളികൾ ശരണം വിളിച്ചു പോയ തീർത്ഥാടകർക്ക് പുതിയ അനുഭവമായി.
പമ്പയിൽ തീർത്ഥാടകർ കർപ്പൂരം കത്തിച്ച് കയറുന്ന പ്രധാന പടിയിൽ കുത്തിയിരുന്ന് നേതാക്കളടക്കം നൂറോളം യു.ഡി.എഫുകാർ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിഷേധിച്ചു. വഴി തടസപ്പെട്ടതിനെ തുടർന്ന് തിരിച്ചിറങ്ങേണ്ട പടികളിലൂടെയാണ് തീർത്ഥാടകർ കർപ്പൂരം കത്തിച്ച് കയറിയത്.
പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ നോക്കിക്കണ്ട നേതാക്കൾക്കു മുന്നിൽ ഭക്തർ പരാതിയുമായെത്തി. മലയിറങ്ങി തളർന്നു വരുന്ന തീർത്ഥാടകർക്ക് പമ്പയിൽ വിശ്രമിക്കാൻ ഇടമില്ലെന്നായിരുന്നു പ്രധാന പരാതി. രമേശ് ചെന്നിത്തല ഇക്കാര്യം അവിടെയുണ്ടായിരുന്ന എസ്.പി ഹരിശങ്കറിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉടനേ വേണ്ടതു ചെയ്യാമെന്ന് എസ്.പി പറഞ്ഞു. കുറേനേരം ശരണം വിളിച്ച് എല്ലാവരും മടങ്ങുകയും ചെയ്തു.
രാവിലെ പത്തുമണിയോടെ നിലയ്ക്കലിൽ എത്തിയ യു.ഡി.എഫ് സംഘം റോഡിലിരുന്നാണ് നിരോധനാജ്ഞ ലംഘിച്ചത്. തുടക്കത്തിൽ നിലയ്ക്കലിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അറസറ്റ് ചെയ്യുമെന്നു പറഞ്ഞ യതീഷ് ചന്ദ്രയുമായി വാക്കേറ്റം നടന്നു. ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ച നേതാക്കളെ അറസ്റ്റ് ചെയ്യാതിരുന്നതോടെ എല്ലാവരും കെ.എസ്.ആർ.ടി.സി ബസിൽ കയറിയാണ് പമ്പയിലെത്തിയത്.