ശബരിമല : തീർത്ഥാടകരെ നിയന്ത്രിക്കുന്നതിന്റെ പേരിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയ പൊലീസ് ഭക്തരുടെ സംഘം നിലയ്ക്കലിൽ നിന്നു ശബരിമലയിലേക്ക് പോയാൽ ആറ് മണിക്കൂറിനുള്ളിൽ ദർശനം നടത്തി തിരികെ എത്തണമെന്ന നോട്ടീസ് നൽകും. നിശ്ചിത സമയത്ത് എത്തിയില്ലെങ്കിൽ മൊബൈൽ ഫോണിൽ വിളിയെത്തും. ഉടനെത്തിയില്ലെങ്കിൽ കേസെടുക്കുമെന്ന് ഭീഷണി വരും. ഇന്നലെ സന്നിധാനത്ത് എത്തിയ നിരവധി സംഘങ്ങൾ പൊലീസിന്റെ കർശന നിർദ്ദേശത്തിന് മുന്നിൽ വലയുന്നത് കാണാമായിരുന്നു. നിലയ്ക്കലിൽ നിന്നു പുറപ്പെടുന്ന ബസ് പമ്പയിൽ എത്തണമെങ്കിൽ മുക്കാൽ മണിക്കൂറും പ്രാഥമിക കൃത്യങ്ങളും സ്നാനവും കഴിഞ്ഞ് ഗണപതി ക്ഷേത്ര ദർശനം പൂർത്തിയായി വരുമ്പോഴേക്കും കുറഞ്ഞത് ഒരു മണിക്കൂറും വേണ്ടിവരും. 5 കിലോമീറ്ററുള്ള ചെങ്കുത്തായ മലകയറി സന്നിധാനത്ത് എത്താൻ ഒന്നര മണിക്കൂർ. ദർശനവും വഴിപാടും നടത്താൻ പിന്നെയും ഒരുമണിക്കൂർ. ആഹാരം കഴിച്ച് അല്പനേരത്തെ വിശ്രമവും കൂടി ആകുമ്പോഴേക്കും ഏറ്റവും കുറഞ്ഞത് അഞ്ചര മണിക്കൂറിലേറെ വേണ്ടിവരും. പിന്നീട് തിരിച്ചുള്ള മലയിറക്കവും യാത്രയ്ക്കുമായി വീണ്ടും രണ്ട് മണിക്കൂർ. കൂട്ടത്തിൽ പ്രായമേറിയവരോ, രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള രോഗമുള്ളവരോ ഉണ്ടെങ്കിൽ സമയം വീണ്ടുമെടുക്കും. യാഥാർത്ഥ്യം ഇതാണെന്നിരിക്കേ ആറ് മണിക്കൂർ കൊണ്ട് എങ്ങനെ നിലയ്ക്കലിൽ നിന്നു ശബരിമലയിൽ പോയി ദർശനം കഴിഞ്ഞ് മടങ്ങാനാകുമെന്നാണ് തീർത്ഥാടകർ ചോദിക്കുന്നത്.
കൊല്ലം വള്ളികീഴിൽ നിന്ന് എത്തിയ 25 അംഗ തീർത്ഥാടകസംഘം പൊലീസിന്റെ ഭീഷണി വന്നപ്പോൾ സന്നിധാനത്ത് എത്തിയതേയുള്ളൂ എന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ ഒാഫീസിലെത്തി നിലയ്ക്കൽ പൊലീസിനെ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് സാവകാശം ലഭിച്ചത്. ഇന്നലെ പുലർച്ചെ 2ന് നിലയ്ക്കലിന് രണ്ട് കിലോമീറ്റർ അകലെ വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് പൊലീസ് തടഞ്ഞുനിറുത്തി അകത്തുകയറി ഫോട്ടോ എടുത്തശേഷം നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന നിർദ്ദേശം നൽകി. സ്റ്റേഷനിൽ ഇവരിൽ ഒാരോരുത്തരുടെയും വിവരങ്ങൾ ശേഖരിച്ചശേഷം 4.45 നാണ് പമ്പയിലേക്ക് പോകാൻ അനുവദിച്ചത്. കൂട്ടത്തിൽ പ്രായമായ രണ്ട് പേർ ഉണ്ടായിരുന്നതിനാൽ സന്നിധാനത്ത് എത്തിയപ്പോൾ തന്നെ 10.45 കഴിഞ്ഞു. ദർശനം നടത്തുന്നതിന് മുൻപ് തന്നെ അറസ്റ്റ് ഭീഷണി എത്തി. ഇതോടെയാണ് സ്പെഷ്യൽ കമ്മിഷണറുടെ ഒാഫീസിനെ സംഘത്തിന് ആശ്രയിക്കേണ്ടിവന്നത്. സംഘത്തിൽ ആരോ ചിലർ കൊല്ലത്ത് നടന്ന നാമജപ ഘോഷയാത്രയിൽ പങ്കെടുത്തു എന്നതാണ് ഇൗ മാനസിക പീഡനത്തിനാധാരം.