sabarimala

പമ്പ: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാനെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനു മുന്നിൽ തീർത്ഥാടകർ പരാതിക്കെട്ടഴിച്ചു. കച്ചവടക്കാരും പിതൃതർപ്പണ ബലി നട‌ത്തുന്ന പുരോഹിതരും സങ്കടങ്ങൾ നിരത്തി. ഉന്നത ഉദ്യോഗസ്ഥരെ ഭയന്ന് പൊലീസുകാരും കണ്ടക്‌ട‌ർമാരും മൗനം പാലിച്ചു.

ഇന്നലെ രാവിലെ പത്തു മണിയോ‌‌ടെയാണ് ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്, അംഗങ്ങളായ പി.മോഹനകുമാർ, കെ.മോഹൻദാസ് എന്നിവർ നിലയ്ക്കലും പമ്പയിലുമെത്തിയത്. രണ്ടു എസ്.പിമാരുട‌െ അകമ്പടിയിലായിരുന്നു സന്ദർശനം.

നെയ്യഭിഷേകം തടഞ്ഞ്

പൊലീസ് ഇറക്കിവിട്ടു

സന്നിധാനത്ത് എത്തിയ തന്നെയും കുടുംബത്തെയും നെയ്യഭിഷേകം നടത്താൻ അനുവദിക്കാതെ രാത്രി പതിനൊന്നു മണിക്ക് പൊലീസ് തിരിച്ചയച്ചെന്നായിരുന്നു ആലുവ സ്വദേശി സന്തോഷിന്റെ പരാതി. ഇന്നലെ പുലർച്ചെ വീണ്ടും മല കയറിയാണ് നെയ്യഭിഷേകം നടത്തിയത്.

കച്ചവടം പൊളിഞ്ഞു

പമ്പ മണൽപ്പുറത്ത് എത്തിയ കമ്മിഷൻ അംഗങ്ങളുടെ മുന്നിലേക്ക് കച്ചവടക്കാർ ഒാടിയെത്തി. നട തുറന്ന് ഇത്രയും നാളായിട്ടും ഒരു കച്ചവടവും നടന്നില്ലെന്ന് കമ്പം സ്വദേശിയുടെ പരിദേവനം. 21 വർഷമായി കച്ചവടം നടത്തുകയാണ്. ഇത്രയും സങ്കടം മുൻപുണ്ടായിട്ടില്ല. പരാതി എഴുതി നൽകാൻ കമ്മിഷന്റെ നിർദേശം.

ബലതർപ്പണത്തിന് ആളില്ല

ത്രിവേണിപ്പാലത്തിനു സമീപം പരാതി പറയാൻ കാത്തുനിന്നത് ബലി തർപ്പണം നടത്തുന്ന പുരോഹിതരാണ്.തീർത്ഥാടകരെ പൊലീസ് കൊച്ചുപാലം വഴി കടത്തിവിടുന്നു. ബലിപ്പുരകൾ എവി‌ടെയെന്ന് ഭക്തർക്ക് അറിയാൻ കഴിയുന്നില്ല. 15ലക്ഷം മുടക്കിയാണ് തറ വാടകയ്ക്ക് പി‌ടിച്ചതെന്ന് പുരോഹിതർ. പൊലീസുമായി സംസാരിക്കാമെന്ന് കമ്മിഷൻ.

പൊലീസ് ബാരക്കിൽ

ആരും മിണ്ടിയില്ല

ത്രിവേണിയിലെ പൊലീസ് ബാരക്കിലേക്കാണ് കമ്മിഷൻ പിന്നീട് എത്തിയത്. രാത്രി ഡ്യൂട്ടിക്കുശേഷം വിശ്രമിക്കുകയായിരുന്ന പൊലീസുകാരോട് സൗകര്യക്കുറവുണ്ടോ എന്നു ചെയർമാൻ ആരാഞ്ഞു. ആരും മിണ്ടിയില്ല. എസ്.പിമാർ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ എന്തെങ്കിലും പറഞ്ഞാലുള്ള ഭവിഷ്യത്ത് ഒാർത്തായിരുന്നു മൗനം. നൂറ് പൊലീസുകാർക്ക് തങ്ങാനുളള ബാരക്കിൽ 350 പൊലീസുകാരുണ്ട്.

ശ്രദ്ധയിൽപ്പെടുത്തും: കമ്മിഷൻ

15 പരാതികൾ ലഭിച്ചെന്ന് കമ്മിഷൻ ചെയർമാൻ ആന്റണി ഡൊമിനിക്ക് പറഞ്ഞു. കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. കമ്മിഷൻ അംഗം കെ.മോഹൻദാസ് സന്നിധാനത്തെ സ്ഥിതിഗതി വിലയിരുത്തി.

നിലയ്ക്കലിലെ അസൗകര്യം

സ്വമേധായ കേസെടുത്തു

തിരുവനന്തപുരം: നിലയ്ക്കൽ കെ.എസ്.ആർ.ടി.സി സ്റ്റേഷനിൽ സൗകര്യങ്ങളൊരുക്കാത്തതിന് മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. റിപ്പോർട്ട് നൽകാൻ കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ, ദേവസ്വം കമ്മിഷണർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ എന്നിവർക്ക് കമ്മിഷൻ അംഗം കെ.മോഹൻകുമാർ നിർദേശം നൽകി.

നിലയ്ക്കൽ ബസ് സ്​റ്റാന്റിൽ ജീവനകാർക്ക് കാന്റീനോ വസ്ത്രം മാറാൻ സൗകര്യമോ ഇല്ല. ബസ് കയറണമെങ്കിൽ ചെളിയിൽ മുങ്ങണം. മഴ പെയ്താൽ നടക്കാനാവില്ല. പമ്പയിൽ നിന്നു നിലയ്ക്കലിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിർദ്ദേശങ്ങൾ നൽകാൻ കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരെ നിയമിക്കണം.

ദേവസ്വം ബോർഡ് ഉത്തരവാദിത്വം നിറവേ​റ്റിയിട്ടില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. പമ്പ മരാമത്ത് കോംപ്ലക്‌സിന് ചു​റ്റും മലിനജലംപൊട്ടിയൊഴുകുന്നു. ഉടൻ പരിഹാരം കാണണമെന്ന് കെ.മോഹൻകുമാർ ആവശ്യപ്പെട്ടു. ജില്ലാ മെഡിക്കൽ ഓഫീസറും ദേവസ്വം ബോർഡ് സെക്രട്ടറിയും ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകണം.