അടൂർ: മഹാൻമാരുടെ ഓർമകൾ ഇവിടെ കാടുകയറുന്നു. കണ്ടിട്ടും കാണാതെ സംഘാടകർ. അടൂർ ഹൈസ്‌കൂൾ ജംഗ്ഷനിലെ ട്രാഫിക് ഐലന്റിന്റെ സ്ഥലത്താണ് മൺമറഞ്ഞ മഹാപ്രതിഭകളുടെ ഓർമകൾക്കായി മരം നട്ടത്. അടൂരിലെ എ.ഐ.വൈ.എഫ് പ്രവർത്തകരാണ് ഏതാനും വർഷംമുൻപ് പരാസ്ഥിതി ദിനത്തിൽ ഇവിടെ മരം നട്ടത്. ' ഓർമക്കൊരു തണൽ' എന്ന പേരിലാണ് ഇവിടെ ഓർമ മരം നട്ടത്. ഈ വി.കൃഷ്ണപിള്ള, മുൻഷിപരമുപിള്ള, അടൂർഭാസി, പി.കെ കൊടിയൻ, അടൂർ ഭവാനി,അടൂർപങ്കജം, പന്തളം പി.ആർ മാധവൻപിള്ള, തെങ്ങമം ബാലകൃഷ്ണൻ,എസ്.കെ.ജി ധരൻ തുടങ്ങിയവരുടെ ഓർമകൾക്കായാണ് മരം നട്ടത്. ആദ്യകാലങ്ങളിൽ സംരക്ഷിച്ചുപോന്നെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാതായി. സംരക്ഷണവേലി തീർത്താണ് നട്ടെതെങ്കിലും ഇപ്പോൾ എല്ലാ മരവും ഇല്ല ഈ ഭാഗം കാട് പിടിച്ചുകിടക്കുകയാണ്. പന്തളത്ത് നിന്ന് അടൂരിലേക്ക് വരുമ്പോൾ ഏറ്റവും ജനശ്രദ്ധകിട്ടുന്ന സ്ഥലത്താണ് മരങ്ങൾ നട്ടത്. നല്ല നീളത്തിൽ ഏഴുസെന്റോളം വരുന്ന, ഹൈസ്‌കൂൾ ജംഗ്ഷന്റെ ഹൃദയഭാഗമായ സ്ഥലത്ത് പൂന്തോട്ടം വെച്ചുപിടിപ്പിച്ച് ആകർഷകമാക്കും എന്നായിരുന്നു നഗരസഭ ആദ്യം പറഞ്ഞിരുന്നത്. ഓർമ മരം പദ്ധതി വന്നതോടെ നഗരസഭ ഇങ്ങോട്ട് തിരിഞ്ഞ് നോക്കാതായി. റോഡിനോട് ചേർന്ന് ലോഡിംഗ് തൊഴിലാളികളുടെ ഷെഡുണ്ട്. ഇഴജന്തുക്കളെ ഭയന്നാണ് ഇവിടിരിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്. അടൂർ ബോയ്‌സ് ഹൈസ്‌കൂളിലെയും ഗേൾസ് ഹൈസ്‌കൂളിലെയും കുട്ടികളും ഈ വഴിയാണ് നടന്നു പോകുന്നത്. ഓർമ മരങ്ങൾ സ്ഥാപിച്ചത് എ.ഐ.വൈ.എഫ് ആണെങ്കിലും അടൂരുമായി ബന്ധപെട്ട മഹാപ്രതിഭകളുടെ ഓർമയ്ക്കായാണ് മരം നട്ടത്. അതിനാൽ നഗരസഭയ്ക്ക് കാട് വെട്ടി വൃത്തിയാക്കി പൂന്തോട്ടവും വെച്ച് പിടിപ്പിച്ച് ഈ മരങ്ങളും സംരക്ഷിക്കാവുന്നതാണ്. പക്ഷേ ആരോട് പറയാൻ എന്നതാണ് നാട്ടുകാരുടെ ചോദ്യം.