ശബരിമല :സന്നിധാനത്ത് സംശയാസ്പദമായി കണ്ട പത്ത് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് കരുതൽ തടങ്കലിൽ വച്ചു.
കൊല്ലം പരവൂർ കലയ്ക്കോട് സ്വദേശികളായ രാജീവ് (21), അനന്തു (18), അനന്തു (23), വിനോദ് (41), വസന്തരാജ് (26), അരുൺ (22), ശ്യാംപ്രസാദ് (24), ലിബിൻ (21) എന്നിവരേയും, കായംകുളം സ്വദേശി രഞ്ജിത്ത് രവീന്ദ്രൻ, കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശിയായ ശ്രീനാഥ് എന്നിവരേയുമാണ് സന്നിധാനം പൊലീസ് വിവിധ ഇടങ്ങളിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്.
മാളികപ്പുറം ഭാഗത്ത് രണ്ടുദിവസമായി കണ്ടതിനെ തുടർന്നാണ് എട്ട് യുവാക്കളേയും, ശ്രീനാഥിനേയും പൊലീസ് പിടികൂടിയത്. വിലക്ക് ലംഘിച്ച് വലിയ നടപ്പന്തലിൽ നാമജപം നടത്തിയതിനാണ് രഞ്ജിത്ത് രവീന്ദ്രൻ പിടിയിലായത്. ഇതിൽ എട്ട് യുവാക്കൾക്കെതിരേ കേസ് എടുത്ത് പൊലീസ് സംരക്ഷണയിൽ നിലയ്‌ക്കലേക്ക് കൊണ്ടുപോയി. ഇവരെ തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് അറിയുന്നു.
രഞ്ജിത്ത് രവീന്ദ്രനും, ശ്രീനാഥും രാത്രി വൈകിയും കസ്റ്റഡിയിലാണ്. രണ്ട് ദിവസങ്ങളിൽ വിലക്ക് ലംഘിച്ച് നാമജപം നടന്ന പശ്ചാത്തലത്തിലാണ് പൊലീസ് തിങ്കളാഴ്ച രാത്രി മുതൽ സന്നിധാനത്ത് അസ്വാഭാവികമായി തങ്ങുന്നവർക്കായി തിരച്ചിൽ ആരംഭിച്ചത്. പിൽഗ്രിം സെന്ററുകളിൽ താമസിക്കുന്നവരുടെ മുറികളിലും പരിശോധന നടത്തി. നാമജപത്തിനായി വിവിധ കേന്ദ്രങ്ങളിൽ സംഘപരിവാർ പ്രവർത്തകർ തങ്ങുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് തിരച്ചിൽ വ്യാപകമാക്കിയത്.
ബി. ജെ. പി എം. പി മാർ
സ്റ്റേഷനിൽ കുത്തിയിരുന്നു
ശബരിമല : തീർത്ഥാടകരെ പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ വച്ചു എന്നാരോപിച്ച് എം. പി മാരായ വി. മുരളീധരനും, നളിൻ കുമാർ കട്ടീലും സന്നിധാനം പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ദർശനത്തിനെത്തിയ ഇരുവരും പത്ത് യുവാക്കളെ കസ്റ്റഡിയിൽ എടുത്തതറിഞ്ഞാണ് ഇന്നലെ സന്ധ്യയോടെ സ്റ്റേഷനിൽ പ്രതിഷേധിച്ചത്.
വി. മുരളീധരൻ എം. പി വിഷയം ഡി. ജി. പി ലോക്‌നാഥ് ബഹ്റയുടെ ശ്രദ്ധയിൽ പെടുത്തി. ഇവരെ വിട്ടയച്ചില്ലെങ്കിൽ പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്നും അിയിച്ചു. തുടർന്ന് സന്നിധാനത്തുള്ള എസ്. പി ശിവവിക്രം വി. മുരളീധരനെ ഫോണിൽ ബന്ധപ്പെടുകയും നിരീക്ഷണത്തിനാണ് രണ്ട് യുവാക്കളെ സ്റ്റേഷനിൽ ഇരുത്തിയതെന്നും വിവരങ്ങൾ ശേഖരിച്ച് കുറ്റക്കാരല്ലെങ്കിൽ വിട്ടയയ്ക്കാമെന്നും കൊല്ലം സ്വദേശികളായ എട്ട് പേരെ കേസ് എടുത്തശേഷം പൊലീസ് നാട്ടിലേക്ക് അയയ്ക്കുമെന്നും ഉറപ്പ് നൽകി. തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.