sabarimala

പമ്പ: ശബരിമലയിലെ നിരോധനാജ്ഞയുടെ പേരിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ്.പിയുമായി തർക്കം. കൂടെയുള്ളവരുടെ വാഹനങ്ങൾ പമ്പയിലേക്ക് വിടാത്തതിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ബസിൽ യാത്ര ചെയ്തു. ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനും സംഘവും മന്ത്രിക്കൊപ്പം ബസിൽ കയറി.

ദർശനത്തിന് ഇരുമുടിക്കെട്ടുമായി നിലയ്ക്കലിൽ എത്തിയ കേന്ദ്രമന്ത്രി എസ്.പി യതീഷ് ചന്ദ്രയെ വിളിച്ച് പമ്പയിലേക്ക് ഭക്തരുടെ വാഹനങ്ങൾ വിടാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോഴാണ് തർക്കം ഉടലെടുത്തത്.

മന്ത്രിയുടെ വാഹനം വിടാമെന്നും കൂടെയുള്ളവർ കെ.എസ്.ആർ.ടി.സി ബസിൽ പോകണമെന്നും യതീഷ് ചന്ദ്ര പറഞ്ഞു. സർക്കാർ വാഹനങ്ങളിൽ മാത്രമേ ഭക്തർ പോകാവൂ എന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നായി കേന്ദ്രമന്ത്രി. കൂടെയുണ്ടായിരുന്ന ബി.ജെ.പി നേതാക്കളും പ്രതിഷേധിച്ചതോടെ രംഗം ചൂടുപിടിച്ചു.

യതീഷ് ചന്ദ്ര : പമ്പയിൽ പാർക്കിംഗിന് ബുദ്ധിമുട്ടുണ്ട്. മണ്ണിടിച്ചിലുണ്ടാകും. സ്വകാര്യ വാഹനങ്ങൾ കടത്തിവിടാൻ പറ്റില്ല.

പൊൻ രാധാകൃഷ്ണൻ: അപ്പോൾ സർക്കാർ, പൊലീസ് വാഹനങ്ങൾക്കു പോകാമോ?

യതീഷ് ചന്ദ്ര: ബസ് പമ്പയിൽ പാർക്ക് ചെയ്യുന്നില്ല. ഇതു മലമ്പ്രദേശമാണ്. റോഡ് വലുതാക്കാൻ കഴിയില്ല.

പൊൻ രാധാകൃഷ്ണൻ: എങ്കിൽ ഞാനും ബസിൽ പൊയ്ക്കൊള്ളാം.

യതീഷ്ചന്ദ്ര: വി.എെ.പി വാഹനങ്ങൾക്കു പോകാം. താങ്കൾ ഒരു മിനിസ്റ്റർ ആണ് സർ. സിറ്റിംഗ് മന്ത്രിമാർക്ക് വാഹനത്തിൽ പോകാം.

(മന്ത്രി വിസമ്മതം അറിയിച്ചു)

യതീഷ് ചന്ദ്ര: താങ്കൾ എനിക്കൊരു ഒാർഡർ തരൂ, ഞാൻ എല്ലാ വാഹനങ്ങളും കടത്തിവിടാം. എല്ലാ ഉത്തരവാദിത്വവും താങ്കൾ ഏറ്റെടുക്കുമോ ?

പൊൻ രാധാകൃഷ്ണൻ: അത് എന്റെ ഉത്തരവാദിത്വമല്ല. നിങ്ങളുടെ ഡ്യൂട്ടിയാണ്.

യതീഷ് ചന്ദ്ര: അതാണ് പോയിന്റ്.

ഒപ്പമുണ്ടായിരുന്ന ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണൻ ക്ഷുഭിതനായി: നിങ്ങൾ ചെയ്യേണ്ട പണി ചെയ്യാതെ മന്ത്രിയോട് ചൂടാവുകയാണോ. മന്ത്രിയോട് മര്യാദയ്ക്ക് സംസാരിക്കണം. (രാധാകൃഷ്ണന്റെ മുഖത്തേക്കു യതീഷ് ചന്ദ്ര കടുപ്പിച്ച് നോക്കി) നിങ്ങളെന്താ നോക്കി പേടിപ്പിക്കുകയാണോ എന്ന് എ.എൻ. രാധാകൃഷ്ണൻ കയർത്തു.

എല്ലാവർക്കും കെ.എസ്.ആർ.ടി.സി ബസിൽ പോകാമെന്ന് മന്ത്രി പറഞ്ഞതോടെ എസ്.പി മടങ്ങി.