k-surendran
k surendran

പത്തനംതിട്ട : ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ ബി. ജെ. പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനടക്കം 72 പേർക്ക് പത്തനംതിട്ട മുൻസിഫ് കോടതി സോപാധിക ജാമ്യം അനുവദിച്ചു. രണ്ട് മാസം ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് മുൻസിഫ് മജിസ്ട്രേട്ട് സൂര്യ സുകുമാരൻ ജാമ്യം അനുവദിച്ചത്. ഓരോരുത്തരും രണ്ട് ആൾ ജാമ്യത്തിൽ 20,000 രൂപ വീതം കെട്ടിവയ്ക്കണം.

കെ. സുരേന്ദ്രന് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എട്ട് കേസുകളിൽ പ്രതിയായ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നും സന്നിധാനത്ത് പ്രവേശിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. ശബരിമലയിൽ പ്രതിഷേധിക്കാൻ പരമാവധി പ്രവർത്തകരെ അയയ്‌ക്കണമെന്ന ബി.ജെ.പിയുടെ സർക്കുലർ പൊലീസ് മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കി. അറസ്റ്റിലായവരുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ടെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 353-ാം വകുപ്പനുസരിച്ച് സന്നിധാനത്ത് നിന്ന് അറസ്റ്റ് ചെയ്തവർ കുറ്റക്കാരല്ലെന്നും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയിട്ടില്ലെന്നും ശരണം വിളിക്കുന്നത് കുറ്റകൃത്യമല്ലെന്നും തീർത്ഥാടകരുടെ അഭിഭാഷകൻ വാദിച്ചു. സുരേന്ദ്രന് എതിരെയുള്ളത് നിസാര കേസുകളാണെന്നും അറിയപ്പെടുന്ന പൊതു പ്രവർത്തകനാണ് സുരേന്ദ്രനെന്നും കോടതി പറയുന്ന ഉപാധികൾ അംഗീകരിക്കുമെന്നും അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു.

എസ്.പി ഓഫീസ് മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ സുരേന്ദ്രനെതിരെ കണ്ണൂർ മജിസ്‌ട്രേട്ട് കോടതിയുടെ വാറണ്ടുള്ളതിനാൽ ഈ കേസിൽ ജാമ്യം ലഭിച്ചാലേ ജയിൽ മോചിതനാകൂ.

17ന് വൈകിട്ട് ശബരിമലയിലേക്ക് പോകുകയായിരുന്ന കെ. സുരേന്ദ്രനെയും കൂടെയുണ്ടായിരുന്ന രണ്ട് പേരെയും നിലയ്‌ക്കലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 18ന് രാത്രിയിൽ സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിലാണ് ആർ. എസ്. എസ് നേതാവ് രാജേഷ് അടക്കം 69 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. സന്നിധാനത്ത് അറസ്റ്റിലായ ഒന്നാം പ്രതി രാജേഷ് അടക്കമുള്ളവർക്ക്ചിത്തിര ആട്ടവിശേഷ ദിവസത്തെ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേസുണ്ടെന്ന് വാദിച്ചെങ്കിലും എഫ്.ഐ.ആറോ മറ്റ്‌ രേഖകളോ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

കെ. സുരേന്ദ്രന് വേണ്ടി പി.എസ് നരേന്ദ്രനാഥും തീർത്ഥാടകർക്കായി കെ. ഹരിദാസും പ്രോസിക്യൂഷന്‌ വേ‌ണ്ടി പബ്ളിക് പ്രോസിക്യൂട്ടർ ദിവ്യ വി. ദാസും, കിരണും ഹാജരായി.